കൊച്ചി മെട്രോ അങ്കമാലിയിലേക്ക് വ്യാപിപ്പിക്കുന്നതുമായി ബന്ധപ്പെട്ട മൂന്നാം ഘട്ട
വിശദമായ പദ്ധതിരേഖ (ഡിപിആർ) കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) സംസ്ഥാന സർക്കാരിന് ഔദ്യോഗികമായി കൈമാറി. ആലുവയിൽ നിന്ന് ആരംഭിച്ച് കരിയാട്, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം എന്നിവ വഴി അങ്കമാലിയിലേക്ക് എത്തുന്ന അലൈൻമെന്റ് പ്രകാരമാണ് നിലവിൽ ഡിപിആർ തയാറാക്കിയിട്ടുള്ളത്.
ആലുവയിൽ നിന്ന് നേരിട്ട് അങ്കമാലി റെയിൽവേ സ്റ്റേഷൻ വഴിയുള്ള അലൈൻമെന്റ് പ്രായോഗികമല്ലെന്ന വിലയിരുത്തലിലാണ് കെഎംആർഎൽ എത്തിച്ചേർന്നിട്ടുള്ളത്. കഴിഞ്ഞ വർഷമാണ് പദ്ധതിയുടെ വിശദപദ്ധതിരേഖ തയാറാക്കുന്നതിനായി അധികൃതർ ടെൻഡർ ക്ഷണിച്ചത്.
പ്രദേശത്തിന്റെ ഭൂപടം, ആവശ്യമായ സ്ഥലലഭ്യത, റൂട്ടിന്റെ സാങ്കേതിക വിവരങ്ങൾ, പ്രധാന സ്റ്റേഷനുകളുടെ സ്ഥാനങ്ങൾ, പദ്ധതിയുടെ മൊത്തം ചെലവ്, അലൈൻമെന്റ് മാപ് എന്നിവയെല്ലാം വിശദമായി പഠിച്ച ശേഷമാണ് ഡിപിആർ രൂപീകരിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാർ ഈ രേഖ പരിശോധിച്ച് കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിന് സമർപ്പിച്ച് അന്തിമ അനുമതി നേടിയെടുക്കേണ്ടതുണ്ട്.
സംസ്ഥാന സർക്കാരിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലായിരിക്കും പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സഹായം അനുവദിക്കുക. വികസനക്കുതിപ്പായി മൂന്നാം ഘട്ടം കൊച്ചി വിമാനത്താവളം, അങ്കമാലി തുടങ്ങിയ പ്രധാന മേഖലകളിലേക്ക് മെട്രോ എത്തുന്നതോടെ എറണാകുളം ജില്ലയുടെ വടക്കൻ മേഖലയിൽ അഭൂതപൂർവ്വമായ വികസന മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്.
ദിവസേന അങ്കമാലി മേഖലയിൽ നിന്ന് ആയിരക്കണക്കിന് യാത്രികരാണ് ആലുവ, എറണാകുളം തുടങ്ങിയ നഗരപ്രദേശങ്ങളിലേക്ക് ജോലിക്കും മറ്റ് ആവശ്യങ്ങൾക്കുമായി യാത്ര ചെയ്യുന്നത്. ഇത്തരത്തിൽ യാത്ര ചെയ്യുന്നവരിൽ ഏറിയ പങ്കും നിലവിൽ കെഎസ്ആർടിസി ബസുകളെയും ട്രെയിനുകളെയും മാത്രമാണ് ആശ്രയിക്കുന്നത്.
കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ അധികൃതർക്ക് നിരന്തരം നിവേദനങ്ങൾ സമർപ്പിച്ചിട്ടും അനുകൂല നടപടികൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ മെട്രോ യാഥാർത്ഥ്യമാകുന്നതോടെ പ്രദേശത്തെ യാത്രക്കാരുടെ വർഷങ്ങളായുള്ള യാത്രാദുരിതത്തിന് വലിയ തോതിൽ പരിഹാരമാകും.
ജനങ്ങൾ കൂടുതൽ എളുപ്പത്തിൽ പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കാൻ ഇത് പ്രേരണയാകും. കൊച്ചി വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരുടെ സൗകര്യം കൂടി മുൻനിർത്തിയാണ് കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടം വിമാനത്താവളത്തിലേക്കും തുടർന്ന് അങ്കമാലിയിലേക്കും നീട്ടുന്നത്.
ഏകദേശം 18 കിലോമീറ്റർ നീളമുള്ള പാതയാണ് ഇതിനായി ലക്ഷ്യമിടുന്നത്. ഇതിൽ കൊച്ചി വിമാനത്താവളത്തിലേക്കുള്ള മൂന്ന് കിലോമീറ്ററിലേറെ വരുന്ന ദൂരം ഭൂഗർഭ പാതയായാണ് വിഭാവനം ചെയ്തിരിക്കുന്നത്.
വിമാനത്താവളം, റെയിൽവേ, മെട്രോ, ഹൈവേ എന്നിവയെല്ലാം ഉൾപ്പെടുന്ന വലിയൊരു സംയുക്ത കണക്ടിവിറ്റിയാണ് ഈ പദ്ധതിയിലൂടെ യാഥാർത്ഥ്യമാകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

