തലസ്ഥാന നഗരത്തിന്റെ യാത്രാചരിത്രത്തിൽ നിർണായകമാകുന്ന വിഴിഞ്ഞം– നാവായിക്കുളം ഔട്ടർ റിങ് റോഡ് (എൻഎച്ച് 866) ദേശീയപാത 66ൽ സംഗമിക്കുന്ന രണ്ട് പ്രധാന ജംക്ഷനുകളുടെ രൂപരേഖ തയ്യാറായി. പദ്ധതിയുടെ ഭാഗമായി നവീകരിക്കുന്ന രണ്ട് ജംക്ഷനുകളും തികച്ചും വ്യത്യസ്തമായ രൂപകൽപ്പനയിലാണ് യാഥാർത്ഥ്യമാക്കുന്നത്.
നാലു ദിശകളിലേക്കും റോഡ് സൗകര്യമുള്ള വിഴിഞ്ഞം ജംക്ഷൻ മുകളിൽ നിന്നു നോക്കുമ്പോൾ നാല് ഇതളുകൾ ഉള്ള പൂവ് പോലുള്ള ക്ലോവർ ലീഫ് മാതൃകയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. എൻഎച്ച് 66ൽ തെക്കു നിന്നും വടക്കു നിന്നും റിങ് റോഡിലേക്കു വാഹനങ്ങൾക്ക് പ്രവേശനം സാധ്യമാക്കുന്നതാണ് ഈ സംവിധാനം.
ഇതോടൊപ്പം വിഴിഞ്ഞം തുറമുഖത്തേക്കുള്ള കണക്ടിങ് റോഡിലേക്കും റിങ് റോഡിനെ ബന്ധിപ്പിക്കാൻ സാധിക്കും. ഈ ജംക്ഷൻ നവീകരണത്തിന്റെ പ്രവൃത്തികൾക്കായി മാത്രം ഏകദേശം 20 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരുന്നത്.
മറുവശത്ത്, ആകാശക്കാഴ്ചയിൽ സംഗീതോപകരണമായ ട്രംപറ്റുമായി സാമ്യമുള്ള ട്രംപറ്റ് ഇന്റർചേഞ്ച് ജംക്ഷൻ ആണ് നാവായിക്കുളത്ത് നിർമിക്കുന്നത്. ദേശീയപാത 66 നെ ഔട്ടർ റിങ് റോഡുമായി ബന്ധിപ്പിക്കുന്ന ഈ ഭാഗത്തിനായി 7 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്.
ഔട്ടർ റിങ് റോഡിന് സെപ്റ്റംബർ പകുതിക്കു മുൻപു കേന്ദ്ര മന്ത്രിസഭയുടെ അനുമതി ലഭിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങളിൽ നിന്നുള്ള വിവരം. പദ്ധതിക്കായി ഇതിനകം ഏറ്റെടുത്ത 100 ഹെക്ടർ ഭൂമിയുടെ നഷ്ടപരിഹാര തുക ഉടൻ തന്നെ വിതരണം ചെയ്യാനുണ്ട്.
കൂടാതെ, 260 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച കേന്ദ്ര ഗതാഗത മന്ത്രാലയം 3 എ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനു പുറമേ വിവിധ വില്ലേജുകളിലെ ഭൂമി ഏറ്റെടുക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.
ആറ് വില്ലേജുകളിലെ ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഉടൻ തന്നെ പുറത്തിറങ്ങും. ഡിജിറ്റൽ സർവേ പൂർത്തിയായ വില്ലേജുകളിലെ ഭൂമിയുടെ വിശദാംശങ്ങളാണ് ഇനി ലഭ്യമാകാനുള്ളത്.
വിളപ്പിൽ, നാവായിക്കുളം വില്ലേജുകളിലെ ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനവും വരും ദിവസങ്ങളിൽ ഇറങ്ങും. ആകെ 24 വില്ലേജുകൾ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ നിന്നായി ഏകദേശം 360 ഹെക്ടർ ഭൂമിയാണ് ഔട്ടർ റിങ് റോഡ് നിർമാണത്തിനായി ആകെ ഏറ്റെടുക്കേണ്ടി വരുന്നത്.
പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുമ്പോൾ ഭൂവുടമകൾക്ക് നൽകേണ്ട നഷ്ടപരിഹാര തുകയുടെ പകുതി വഹിക്കേണ്ടത് സംസ്ഥാന സർക്കാരാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

