കണ്ണൂർ: നേപ്പാളിലുണ്ടായ ഭീകരമായ മിന്നൽപ്രളയത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ടതിന്റെ ഞെട്ടലിലാണ് മാതമംഗലം ഹയർസെക്കൻഡറി സ്കൂൾ അധ്യാപികയായ ആർ. ദീപ.
നേപ്പാളിൽ കുടുങ്ങിയ കേരളത്തിൽ നിന്നുള്ള യാത്രാസംഘത്തിൽ അംഗമായിരുന്നു ദീപയും കണ്ണൂർ സ്വദേശിനിയായ വിനിഷയും. നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ ഇരുവരും ട്രെയിൻ മാർഗമാണ് കണ്ണൂരിൽ എത്തിച്ചേർന്നത്.
യാത്രയുടെ ഭീതിജനകമായ അനുഭവങ്ങൾ ഇവർ മാധ്യമങ്ങളോട് പങ്കുവെച്ചു. “ത്രിശൂലി നദിയിലെ കുത്തൊഴുക്കിൽ മരങ്ങൾ ഒഴുകിവരുമ്പോഴും എന്താണു സംഭവിച്ചതെന്നു ഞങ്ങൾ അറിയുന്നുണ്ടായിരുന്നില്ല.
വാഹനങ്ങളുടെ നീണ്ടനിര. അപകടമാണെന്നാണ് ആദ്യം അറിഞ്ഞത്.
പിന്നീടാണ് നേപ്പാളിനെ പിടിച്ചുകുലുക്കിയ മിന്നൽപ്രളയമാണെന്നറിയുന്നത്. ഞങ്ങൾക്കു കടന്നുപോകാനുള്ള പാലം ഒഴുകിപ്പോയിരുന്നു.
പാലത്തിന്റെ 800 മീറ്റർ അകലെയായിരുന്നു ഞങ്ങൾ. അൽപം കൂടി മുന്നിലായിരുന്നെങ്കിൽ….” എന്ന് ആർ.
ദീപ പറഞ്ഞു. ജൂൺ 23-നാണ് 63 അംഗ സംഘം കേരളത്തിൽ നിന്നും യാത്ര തിരിച്ചത്.
24-ാം തീയതി കഠ്മണ്ഡുവിൽ എത്തിയ ഇവർ, അടുത്ത ദിവസം മനകാമനക്ഷേത്രത്തിലേക്ക് പോകുന്ന വഴിയാണ് പ്രളയത്തിൽ പെടുന്നത്. റോഡിന്റെ ഒരുവശത്ത് ത്രിശൂലി നദിയും മറുവശത്ത് വലിയ മലനിരകളുമുള്ള ഏകദേശം 150 കിലോമീറ്ററോളം വരുന്ന പാതയിലൂടെയായിരുന്നു യാത്ര.
വുവാച്ചിയിൽ എത്തിയപ്പോൾ റോഡിൽ വലിയ വാഹനനിര കണ്ട് അന്വേഷിച്ചപ്പോഴാണ് മിന്നൽപ്രളയത്തെക്കുറിച്ചുള്ള വിവരം അറിയുന്നത്. പുഴയിലൂടെ ഭീമാകാരമായ മരങ്ങൾ കടപുഴകി ഒഴുകിവരുന്നുണ്ടായിരുന്നു.
ആറ് മണിക്കൂറോളമാണ് സംഘം ഇവിടെ കുടുങ്ങിയത്. ജീവനോടെ തിരികെ പോകാനാകില്ലെന്ന് വരെ ചിന്തിച്ചുപോയ നിമിഷങ്ങളായിരുന്നു അതെന്ന് ദീപ ഓർമിക്കുന്നു.
നേപ്പാളിലേക്കുള്ള ആദ്യ യാത്രയായിരുന്നു ദീപയുടേത്. മുന്നോട്ടുള്ള യാത്ര അസാധ്യമെന്ന് പൊലീസ് അറിയിച്ചെങ്കിലും, പ്രദേശം നന്നായി അറിയാമായിരുന്ന ഡ്രൈവർ വാൻ പിന്നിലേക്ക് എടുത്ത് മറ്റൊരു ഇടുങ്ങിയ വഴിയിലൂടെ വണ്ടി ഓടിക്കുകയായിരുന്നു.
ഇടയ്ക്കിടെ വാഹനം കേടായെങ്കിലും ആറ് മണിക്കൂർ യാത്ര ചെയ്താണ് അവർ ലക്ഷ്യസ്ഥാനത്ത് എത്തിയത്. യാത്രാമധ്യേ ഭക്ഷണമൊന്നും ലഭിച്ചിരുന്നില്ല.
എത്രയും പെട്ടെന്ന് ഹോട്ടലിൽ എത്തുക എന്നതായിരുന്നു എല്ലാവരുടെയും ലക്ഷ്യം. എന്നാൽ ഹോട്ടലിൽ എത്തിയപ്പോഴാണ് വീണ്ടും പ്രളയമുണ്ടാകാൻ സാധ്യതയുണ്ടെന്ന വിവരം അറിയുന്നത്.
നാട്ടിലേക്ക് ഉടൻ മടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ട്രാവൽ ഏജൻസി കൈമലർത്തുകയായിരുന്നു. 29-ാം തീയതിയായിരുന്നു യഥാർത്ഥ മടക്കടിക്കറ്റ്.
ആദ്യ രണ്ട് ദിവസം കടുത്ത ഭയത്തോടെയാണ് കഴിഞ്ഞുകൂടിയത്. മുംബൈയിൽ എത്തിയപ്പോഴാണ് ഒട്ടൊന്നു ആശ്വസിക്കാനായത്.
തുടർന്ന് കൊച്ചിയിലെത്തി ഒടുവിൽ സ്വന്തം നാട്ടിൽ സുരക്ഷിതമായി തിരിച്ചെത്തിയതിന്റെ ആശ്വാസത്തിലാണ് ദീപയും വിനിഷയും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

