തിരുവനന്തപുരത്തുനിന്ന് നേരിട്ടെത്തി എക്സൈസ് കമ്മിഷണർ സാംബശിവ റാവു നടത്തിയ അന്വേഷണത്തിൽ കോട്ടയത്തെ വിവിധ ബാറുകളിൽ നടക്കുന്ന ക്രമക്കേടുകളിൽ ഡപ്യൂട്ടി കമ്മിഷണർക്ക് പങ്കുള്ളതായി കണ്ടെത്തി. ജില്ലയിലെ ബാറുകൾ നേരത്തേ തുറക്കുന്നതിനും താമസിച്ച് അടയ്ക്കുന്നതിനും ഡപ്യൂട്ടി കമ്മിഷണർ എസ്.
അശോക് കുമാർ മൗനാനുവാദം നൽകിയിരുന്നെന്നും ബാറുകളിൽ പരിശോധന നടത്തുന്നതിനു ഉദ്യോഗസ്ഥരെ വിലക്കിയെന്നതിനുള്ള തെളിവുകളും എക്സൈസ് കമ്മിഷണർക്കു ലഭിച്ചു. അതേസമയം യൂണിഫോം ഇല്ലാതെ ബാറുടമകളെ അശോക് കുമാർ കാണുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ജില്ലയിലെ 27 ബാറുകളിൽനിന്നും പണം എക്സൈസ് ഉദ്യോഗസ്ഥനു ലഭിച്ചിരുന്നതായും പണം പിരിച്ചു നൽകാൻ ചില ബാറുടമകൾ ഇടനിലക്കാരായി പ്രവർത്തിച്ചുവെന്നും എക്സൈസ് കമ്മിഷണർ കണ്ടെത്തി. ഉദ്യോഗസ്ഥന്റെ ബന്ധുക്കളുടെ അക്കൗണ്ടിലേക്കാണ് ബാറുടമകൾ പണം അയച്ചിരുന്നത്.
പരിശോധനയിൽ കണ്ടെത്തിയ വിവരങ്ങൾ സാംബശിവ റാവു എക്സൈസ് മന്ത്രിക്ക് കൈമാറിയിട്ടുണ്ട്. കോട്ടയത്ത് ഹോട്ടലിൽ രണ്ട് ദിവസം മുറിയെടുത്ത് താമസിച്ചാണ് സാംബശിവ റാവു അന്വേഷണം നടത്തിയത്.
സമയക്രമം തെറ്റിച്ച് അതിരാവിലെ തുറന്നു പ്രവർത്തിച്ച മണർകാട് കവലയിലെ ബാറിൽ കഴിഞ്ഞ 15ന് എക്സൈസ് കമ്മിഷണറുടെ നിർദേശപ്രകാരം തിരുവനന്തപുരത്തുനിന്നെത്തിയ സംഘം മിന്നൽ പരിശോധന നടത്തി നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നു. സമയക്രമം പാലിക്കാതെ ബാറുകൾ തുറക്കുന്നതിൽ കോട്ടയം മുൻപിലാണെന്ന വിമർശനം എക്സൈസ് വകുപ്പ് യോഗത്തിൽ മന്ത്രിയും ഉന്നയിച്ചിരുന്നു.
ഈ സംഭവങ്ങൾക്കു പിന്നാലെയാണ് ജില്ലയിലെ എക്സൈസ് തലപ്പത്തെതന്നെ ആരോപണമുനയിലാക്കി വകുപ്പുതല റെയ്ഡും അന്വേഷണവും നടന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

