ഉത്തർപ്രദേശിലെ ഷാജഹാൻപുർ മുനിസിപ്പൽ കോർപ്പറേഷനിൽ അഴിമതിപ്പണം തുല്യമായി വീതംവയ്ക്കുമെന്ന് ഗംഗാജലം കൈയിലെടുത്ത് സത്യപ്രതിജ്ഞ ചെയ്യുന്ന കൗൺസിലർമാരുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് വൻ രാഷ്ട്രീയ വിവാദം ഉടലെടുത്തു. “കൈക്കൂലി കിട്ടിയാൽ 60 പേർക്കും തുല്യമായി വീതിക്കും” എന്ന തരത്തിലുള്ള വാക്കുകളാണ് കൗൺസിലർമാർ വീഡിയോയിൽ ഏറ്റുപറയുന്നത്.
മുനിസിപ്പൽ സ്ഥാപനവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന കൈക്കൂലി നീതിപൂർവമായും തുല്യമായും പങ്കിടുമെന്ന് പ്രതിജ്ഞ ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. എന്നാൽ വീഡിയോയുടെ ആധികാരികതയോ അതിലുൾപ്പെട്ട
വ്യക്തികളോ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. സംഭവം വിവാദമായതോടെ മുനിസിപ്പൽ അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടു.
ബിജെപിയുടെ ഷാജഹാൻപുർ മഹാനഗർ അധ്യക്ഷ ശിൽപി ഗുപ്ത, വീഡിയോയിൽ കാണുന്ന പത്തിലധികം കൗൺസിലർമാർക്ക് നോട്ടീസ് അയച്ചു. വീഡിയോ ചിത്രീകരിച്ചത് എവിടെ, എപ്പോൾ, സത്യപ്രതിജ്ഞയുടെ ലക്ഷ്യം എന്തായിരുന്നു തുടങ്ങിയ കാര്യങ്ങളിൽ മൂന്ന് ദിവസത്തിനകം വിശദീകരണം നൽകാനാണ് നിർദ്ദേശം.
ഷാജഹാൻപുർ മേയർ അർച്ചന വർമ്മയും കൗൺസിലർമാർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. മുനിസിപ്പൽ കമ്മീഷണർ സൗമ്യ ഗുരുരാണി സംഭവത്തിൽ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ഈ വീഡിയോ 2025 നവംബറിൽ ചിത്രീകരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ഇതിനിടെ, ബിജെപിയുമായി ബന്ധമുള്ള നാമനിർദേശ കൗൺസിലർ പൂനം മെഹ്റോത്ര തൽസ്ഥാനം രാജിവെച്ചു.
നഗരസഭയ്ക്കും കൗൺസിലർമാർക്കും വീഡിയോ അപകീർത്തിയുണ്ടാക്കിയെന്ന് ചൂണ്ടിക്കാണിച്ചാണ് രാജി. സംഭവത്തിൽ സമാജ്വാദി പാർട്ടിയും കോൺഗ്രസും ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, ജില്ലാ മജിസ്ട്രേറ്റിന് ഇതുവരെ ഔദ്യോഗിക പരാതി ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ച മുറയ്ക്ക് തുടർനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

