കോട്ടയം മിനി സിവിൽ സ്റ്റേഷൻ വളപ്പിലെ ഒറ്റമുറി ചായക്കടയിൽ കഴിഞ്ഞ 35 വർഷം തിളച്ചത് കേവലം ചായ മാത്രമല്ല, ഒരു കുടുംബത്തിന്റെ അതിജീവനത്തിന്റെ കഥ കൂടിയായിരുന്നു. ആർപ്പൂക്കര കരിപ്പൂത്തട്ട് ചിറയിൽ എം.കെ.മോഹനൻ തന്റെ ചായക്കടയുടെ ഷട്ടർ താഴ്ത്തി ഔദ്യോഗിക ജീവിതത്തിന് വിരാമമിട്ടു.
ചായയും പലഹാരങ്ങളും വിറ്റുകിട്ടിയ വരുമാനം കൊണ്ടാണ് അദ്ദേഹം തന്റെ മൂന്ന് പെൺമക്കളെയും വളർത്തി പഠിപ്പിച്ചത്. ഇന്ന് അദ്ദേഹത്തിന്റെ മക്കളിൽ ഒരാൾ അയർലൻഡിലും മറ്റൊരാൾ സൗദിയിലും മൂന്നാമത്തെയാൾ കാനഡയിലുമാണ് ജോലി ചെയ്യുന്നത്.
കട നടത്താൻ ‘പുതിയതായി ഒരാൾ വരട്ടെ..’ എന്ന് കരുതി സ്വന്തമായി പണിത കെട്ടിടം ഒഴിഞ്ഞു കൊടുക്കുമ്പോൾ, മോഹനന്റെ മനസ്സിൽ കച്ചവടത്തിന്റെ കണക്കുകളല്ല, മറിച്ച് മക്കളുടെ ജീവിതം പച്ചപിടിച്ചതിന്റെ നിറഞ്ഞ സന്തോഷമാണുള്ളത്.
തിരുനക്കര– യൂണിയൻ ക്ലബ് റോഡിലാണ് മിനി സിവിൽ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ഒരു മുറി മാത്രമുള്ള ഈ ചായക്കടയിലെ ടീ മേക്കറും സപ്ലയറും എല്ലാം മോഹനൻ തന്നെയാണ്.
മോഹനൻ ചായക്കട തുടങ്ങുന്ന കാലത്ത്, തടികൊണ്ടുള്ള മച്ചും മട്ടുപ്പാവും ഒക്കെയുള്ള പഴയ ഇരുനില കെട്ടിടത്തിലായിരുന്നു താലൂക്ക് ഓഫിസ് പ്രവർത്തിച്ചിരുന്നത്.
പിന്നീട് 17 സർക്കാർ ഓഫിസുകളോടെ പുതിയ മിനി സിവിൽ സ്റ്റേഷൻ നിലവിൽ വന്നു. കരിപ്പൂത്തട്ടിൽ അച്ഛന്റെ പലചരക്കുകടയിൽ സഹായിയായി പ്രവർത്തിച്ചിരുന്ന മോഹനൻ 1991 –92 കാലയളവിലാണ് ഈ ചായക്കട
ആരംഭിക്കുന്നത്. അന്ന് അന്നത്തെ കലക്ടറും തഹസിൽദാറും അദ്ദേഹത്തിന് വലിയ പ്രോത്സാഹനമാണ് നൽകിയത്.
സ്വന്തം ചെലവിൽ കെട്ടിടം നിർമ്മിച്ചാണ് അദ്ദേഹം കച്ചവടം തുടങ്ങിയത്. “വളപ്പിലെ കൊച്ചു ഞാവൽമരത്തിന്റെ തണൽ ചൂണ്ടിക്കാട്ടി അന്നു കലക്ടറായിരുന്ന സാജൻ പീറ്ററാണ് കടയ്ക്ക് സ്ഥലം അനുവദിച്ചത്.
അത് എന്റെ കുടുംബത്തിനുള്ള വലിയ താങ്ങും തണലുമായി. വലിയ ശിഖരങ്ങളോടെ ഞാവൽ ഇപ്പോഴുമുണ്ട്.
ആ തണൽ മറ്റൊരു കുടുംബത്തിനു കരുത്താകട്ടെ”– ഈ വാക്കുകളോടെയാണ് അദ്ദേഹം കടയുടെ ഷട്ടർ പൂട്ടി ഇന്നലെ അവസാനമായി പുറത്തേക്ക് ഇറങ്ങിയത്. താലൂക്കിലെ പുഞ്ച സ്പെഷൽ ഓഫിസ് ജീവനക്കാർ സ്നേഹസൂചകമായി നൽകിയ ഓണസമ്മാനവും അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

