സാധാരണയായി കേൾക്കുന്ന ഔദ്യോഗിക വിമാന യാത്ര അറിയിപ്പുകൾക്ക് വിരാമമിട്ട്, കാവ്യശകലങ്ങളിലൂടെ യാത്രക്കാരുടെ മനംകവർന്നിരിക്കുകയാണ് ഒരു ഇൻഡിഗോ പൈലറ്റ്. കൊൽക്കത്തയിൽ വിമാനം ഇറങ്ങുന്നതിന് തൊട്ടുമുമ്പ് പൈലറ്റ് നടത്തിയ തികച്ചും വ്യത്യസ്തമായ ഇൻ-ഫ്ലൈറ്റ് അനൗൺസ്മെന്റാണ് നിലവിൽ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയാകുന്നത്.
വിമാനത്തിലുണ്ടായിരുന്ന സഞ്ചിത എന്ന യാത്രക്കാരിയാണ് ഈ മനോഹര ദൃശ്യങ്ങൾ സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. കൊൽക്കത്തയിൽ നിന്ന് ഏകദേശം 140 കിലോമീറ്റർ അകലെയാണ് വിമാനം ഇപ്പോൾ സ്ഥിതി ചെയ്യുന്നതെന്നും നഗരത്തിലെ അന്തരീക്ഷ താപനില 29 ഡിഗ്രി ആണെന്നും പൈലറ്റ് യാത്രക്കാരെ അറിയിച്ചു.
തുടർന്ന്, 20 മിനിറ്റിനുള്ളിൽ വിമാനം കൊൽക്കത്തയിൽ ലാൻഡ് ചെയ്യുമെന്നും ഇതിനായി കാബിൻ താപനില 24 ഡിഗ്രിയായി ക്രമീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനുശേഷമാണ് പതിവ് അറിയിപ്പുകൾക്ക് അതീതമായി തനിക്ക് ഒരു കവിതാശകലം പങ്കുവെക്കാൻ ആഗ്രഹമുണ്ടെന്ന് പൈലറ്റ് മൈക്കിലൂടെ അറിയിച്ചത്.
തുടർന്ന് പ്രശസ്തമായ വരികൾ അദ്ദേഹം ഹൃദ്യമായി ആലപിച്ചു: ‘എന്റെ ലക്ഷ്യസ്ഥാനത്തേക്ക് ഞാൻ ഒറ്റയ്ക്ക് യാത്ര ആരംഭിച്ചു, പക്ഷേ ആളുകൾ എന്നോടൊപ്പം ചേർന്നുകൊണ്ടിരുന്നു, അങ്ങനൊരു യാത്രാസംഘം രൂപപ്പെട്ടു.’ ഈ വരികൾ യാത്രാവേളയിൽ യാത്രക്കാർക്ക് വേറിട്ടൊരു അനുഭവമായി മാറി. അനൗൺസ്മെന്റിന് ശേഷം “നിങ്ങളുടെ യാത്ര മനോഹരമാക്കാൻ കഴിഞ്ഞതിൽ നന്ദി” എന്ന് പറഞ്ഞുകൊണ്ട് പൈലറ്റ് യാത്രക്കാരോട് യാത്രാമംഗല്യങ്ങളും നേർന്നു.
ഇത്തരം ജീവനക്കാരെ തിരഞ്ഞെടുത്തതിന് ഇൻഡിഗോ എയർലൈൻസിന് നന്ദി അറിയിച്ചാണ് സഞ്ചിത വീഡിയോ പോസ്റ്റ് ചെയ്തത്. സംഭവത്തിൽ പ്രതികരണവുമായി ഇൻഡിഗോ അധികാരികളും രംഗത്തെത്തി.
ജീവനക്കാരുടെയും പൈലറ്റുമാരുടെയും സേവനങ്ങൾ യാത്രക്കാർക്ക് എന്നും ഓർമയിൽ സൂക്ഷിക്കാവുന്ന മനോഹരമായ അനുഭവമായി മാറുന്നതിൽ സന്തോഷമുണ്ടെന്നും അഭിനന്ദനങ്ങൾ ഉടൻതന്നെ ക്രൂ അംഗങ്ങളുമായി പങ്കുവെക്കുമെന്നും എയർലൈൻ പ്രതികരിച്ചു. “മനോഹരമായ അറിയിപ്പ്”, “പ്രതീക്ഷിക്കാത്ത മധുരമുള്ള നിമിഷം”, “പൈലറ്റിന് കവിയുടെ ഹൃദയമുണ്ട്” തുടങ്ങിയ നിരവധി അനുകൂല കമന്റുകളാണ് സമൂഹമാധ്യമങ്ങളിൽ ഈ വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

