കോഴിക്കോട്: ട്രെയിനിൽ യാത്ര ചെയ്യവെ ഉറങ്ങിക്കിടക്കുകയായിരുന്ന സ്ത്രീകളുടെയും കുട്ടിയുടെയും ചിത്രം അനുവാദമില്ലാതെ പകർത്തിയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. തിരുവനന്തപുരം എരവൂർ സ്വദേശിയായ റെജിയാണ് ആർ.പി.എഫിന്റെയും റെയിൽവേ പൊലീസിന്റെയും പിടിയിലായത്.
ഇയാളുടെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രിയിലാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്.
എറണാകുളം-ഓഖ എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന പരാതിക്കാരിയും സഹോദരിയും അവരുടെ മകളും അടങ്ങുന്ന കുടുംബം സഞ്ചരിച്ച കോച്ചിലാണ് സംഭവം നടന്നത്. ട്രെയിൻ ഷൊർണൂരിൽ എത്തിയപ്പോഴാണ് പ്രതി ഉറങ്ങുകയായിരുന്ന സഹോദരിയുടെയും കുട്ടിയുടെയും ചിത്രങ്ങൾ അനുവാദമില്ലാതെ ക്യാമറയിൽ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് യാത്രക്കാർ ഉടൻ തന്നെ ട്രെയിനിലുണ്ടായിരുന്ന ടി.ടി.ഇയെ വിവരം അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ട്രെയിൻ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയ ഉടൻ തന്നെ ആർ.പി.എഫും റെയിൽവേ പൊലീസും ചേർന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രതി ചിത്രങ്ങൾ എടുത്തത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കാൻ ലക്ഷ്യമിട്ടാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

