അഫ്ഗാനിസ്ഥാനുമായുള്ള നയതന്ത്ര സംഘർഷങ്ങളും അതിർത്തി അടച്ച നടപടികളും ഒടുവിൽ പാകിസ്ഥാന് തന്നെ വലിയ തിരിച്ചടിയായി മാറിയിരിക്കുന്നു. അഫ്ഗാൻ പാതയിലെ തടസ്സങ്ങൾ മൂലം മധ്യേഷ്യൻ രാജ്യങ്ങളുമായുള്ള പാകിസ്ഥാന്റെ വ്യാപാര ബന്ധങ്ങൾക്ക് വൻ ഇടിവാണ് നേരിട്ടിരിക്കുന്നത്.
ഔദ്യോഗിക കണക്കുകൾ പ്രകാരം കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി വ്യാപാരം 2024-25 ലെ 443.712 മില്യൻ ഡോളറിൽ നിന്ന് 219.125 മില്യൻ ഡോളറായി കൂപ്പുകുത്തി. ഏകദേശം 50.62 ശതമാനത്തിന്റെ ഭീമമായ കുറവാണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്.
ഈ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയിൽ 88.35 ശതമാനത്തിന്റെ കനത്ത ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 244.99 മില്യനിൽ നിന്ന് വെറും 28.54 മില്യൻ ഡോളറായാണ് ഇറക്കുമതി ചുരുങ്ങിയത്.
അതേസമയം കയറ്റുമതി 198.72 മില്യനിൽ നിന്ന് 4.1 ശതമാനം കുറഞ്ഞ് 190.57 മില്യൻ ഡോളറിലെത്തി. കരമാർഗ്ഗം മധ്യേഷ്യയിലേക്കുള്ള ചരക്കുനീക്കം പൂർണ്ണമായും അഫ്ഗാനിസ്ഥാൻ വഴിയായിരുന്നു.
അതിർത്തികൾ അടഞ്ഞുകിടക്കുന്നതിനാൽ ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. താജിക്കിസ്ഥാനുമായുള്ള വ്യാപാരത്തിലാണ് ഏറ്റവും വലിയ തകർച്ചയുണ്ടായത് (70%).
തുർക്ക്മെനിസ്ഥാനുമായുള്ള വ്യാപാരം 61.36 ശതമാനവും കുറഞ്ഞു. മുൻകാലങ്ങളിൽ അഫ്ഗാൻ വഴി പ്രതിവർഷം 400 മുതൽ 500 മില്യൻ ഡോളർ വരെ നടത്തിയിരുന്ന വ്യാപാരമാണ് ഇപ്പോൾ പകുതിയായി കുറഞ്ഞത്.
ഇതിനിടയിൽ, പാക് സമ്പദ്വ്യവസ്ഥയുടെ അടിത്തറയിളക്കിക്കൊണ്ട് ഇന്ത്യ സ്വീകരിച്ച നയങ്ങളും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. 2025-ൽ സിന്ധുനദി ജലവിതരണ കരാറിൽ (Indus Waters Treaty) നിന്ന് ഇന്ത്യ ഔദ്യോഗികമായി പിൻമാറിയിരുന്നു.
വെള്ളവും രക്തവും ഒരുമിച്ചൊഴുകില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ നിർണ്ണായക തീരുമാനം പ്രഖ്യാപിച്ചത്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയായിരുന്നു ഈ നടപടി.
കരാർ പുനഃസ്ഥാപിച്ചില്ലെങ്കിൽ ഇന്ത്യ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇസ്ഹാഖ് ദർ മുന്നറിയിപ്പ് നൽകി. യുഎസിലെ പാകിസ്ഥാൻ എംബസി സംഘടിപ്പിച്ച ചടങ്ങിലാണ് അദ്ദേഹം ഇന്ത്യയ്ക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്.
എന്നാൽ പാക് സമ്പദ്വ്യവസ്ഥയുടെ ജിഡിപിയുടെ 23-25% പങ്കുവഹിക്കുന്ന കാർഷിക മേഖലയ്ക്ക് ഇന്ത്യയുടെ ഈ തീരുമാനം കനത്ത പ്രഹരമാണ് ഏൽപ്പിച്ചിരിക്കുന്നത്. രാജ്യത്തെ മൊത്തം തൊഴിലിന്റെ 90% വരുന്ന കാർഷിക മേഖല സ്തംഭിച്ചതോടെ സിന്ധ്, ബലൂചിസ്ഥാൻ പ്രവിശ്യകളിൽ കടുത്ത ജലക്ഷാമം അനുഭവപ്പെട്ടുതുടങ്ങി.
സിന്ധിലെ നോർത്ത് വെസ്റ്റ് കനാലിൽ ജലനിരപ്പ് ആവശ്യമായതിനേക്കാൾ 64.1% കുറഞ്ഞതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പാകിസ്ഥാന്റെ മൊത്തം കാർഷിക ഉൽപാദനത്തിന്റെ 67% സംഭാവന ചെയ്യുന്ന സിന്ധ് പ്രവിശ്യയിലെ ജലസംഭരണികൾ വറ്റിവരണ്ടത് രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെയും സാരമായി ബാധിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

