അമേരിക്കയുടെ സാമ്പത്തിക സമ്മർദ്ദങ്ങളെയും ഉപരോധങ്ങളെയും പ്രതിരോധിക്കാൻ ലക്ഷ്യമിട്ട് കർശന നിർദ്ദേശങ്ങളുമായി ഇറാൻ രംഗത്ത്. അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തെ നേരിടാൻ ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനെയി ആഹ്വാനം ചെയ്തു.
രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാക്കുന്നതിന്റെ ഭാഗമായി വിനിമയ ഇടപാടുകളിൽ നിന്ന് ഡോളറിനെ ഘട്ടം ഘട്ടമായി ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സാമൂഹിക ഐക്യത്തിന് ഭംഗം വരുത്തുന്ന തരത്തിലുള്ള പ്രസ്താവനകളും നടപടികളും രാജ്യത്ത് വിലക്കിയിട്ടുണ്ടെന്നും, പ്രതിസന്ധി ഘട്ടത്തിൽ ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
എന്നത്തേക്കാളും കരുത്തുറ്റ ഇറാൻ സൃഷ്ടിക്കപ്പെടുമെന്ന് അദ്ദേഹം തന്റെ സന്ദേശത്തിൽ വ്യക്തമാക്കി. സ്വയം പര്യാപ്തമായ ഒരു പ്രതിരോധ സാമ്പത്തിക വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന് ഡോളറിനെ ഒഴിവാക്കുന്നത് അത്യന്താപേക്ഷിതമാണെന്ന് മുജ്തബ ഖമനെയി അഭിപ്രായപ്പെട്ടു.
പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ജനസേവനത്തിൽ അധിഷ്ഠിതമായ ഒരു ഭരണകൂടത്തിന്റെ കടമകളെക്കുറിച്ചും അദ്ദേഹം ഓർമ്മിപ്പിച്ചു.
സാമ്പത്തിക പ്രതിരോധം എന്നത് കേവലം ഒരു നയപരമായ തീരുമാനം മാത്രമല്ലെന്നും, മറിച്ച് വിദേശ സാമ്പത്തിക സമ്മർദ്ദങ്ങളെ ചെറുക്കാനും ദീർഘകാല സ്ഥിരത കൈവരിക്കാനുമുള്ള ദേശീയ ചട്ടക്കൂടാണെന്നും അദ്ദേഹം വിശദീകരിച്ചു. ആഭ്യന്തര ഉൽപ്പാദനം പര്യാപ്തമല്ലാത്ത മേഖലകളിൽ ആവശ്യാനുസരണം വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നത് തികച്ചും ഉചിതവും ബുദ്ധിപരവുമായിരിക്കുമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
രാജ്യത്തെ നാണയപ്പെരുപ്പം നിയന്ത്രിക്കുക, തൊഴില്ലായ്മ പരിഹരിക്കുക, ഉൽപ്പന്നങ്ങളുടെ വിലക്കയറ്റം തടയുക തുടങ്ങിയ നിർണായക മേഖലകളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മുജ്തബ ഖമനെയി അഭ്യർത്ഥിച്ചു. ഒപ്പം നിക്ഷേപങ്ങൾ ഗണ്യമായി വർദ്ധിപ്പിക്കേണ്ടതിന്റെയും, അവ ഏറ്റവും ഉപപ്രദമായ മേഖലകളിലേക്ക് തിരിച്ചുവിടേണ്ടതിന്റെയും പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ശത്രുരാജ്യങ്ങളുടെ നയങ്ങളെ അദ്ദേഹം പരോക്ഷമായി വിമർശിച്ചു. ശത്രുക്കളുടെ യുക്തിരഹിതമായ ആവശ്യങ്ങൾക്ക് മുന്നിൽ കീഴടങ്ങുന്നതാണ് സാമ്പത്തിക പുരോഗതിയിലേക്കുള്ള വഴിയെന്ന് വിശ്വസിപ്പിക്കാനാണ് അവർ ശ്രമിക്കുന്നത്.
എന്നാൽ ഇസ്ലാമിക വിപ്ലവത്തിന് മുമ്പുപോലും രാജ്യത്തിനും അതിന്റെ വിഭവങ്ങൾക്കും മേൽ അവർ വരുത്തിവെച്ച നാശനഷ്ടങ്ങൾ പരിശോധിച്ചാൽ സത്യം ഇതിന് നേരെ വിപരീതമാണെന്ന് വ്യക്തമാകും എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. അമേരിക്കൻ വിദേശകാര്യ മന്ത്രാലയം ഇറാന്റെ സാമ്പത്തിക മേഖലയെ കൂടുതൽ വലിഞ്ഞുമുറുക്കാൻ ലക്ഷ്യമിട്ട് പുതിയ സാമ്പത്തിക യുദ്ധം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ഈ നിർണായക പ്രതികരണം പുറത്തുവന്നിരിക്കുന്നത്.
ആഭ്യന്തര ഉത്പാദനം വർധിപ്പിക്കണമെന്നും ഒരു കാരണവശാലും അമേരിക്കയ്ക്ക് മുന്നിൽ കീഴടങ്ങരുതെന്നുമാണ് മുജ്തബ ഖമനെയി നൽകിയിരിക്കുന്ന മുഖ്യ സന്ദേശം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

