ബ്രൂണെയ്യിൽ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മലയാളി ദാമോദര മേനോനെ നാട്ടിലെത്തിക്കുന്നതിനായി ഒരു മാസം മുൻപ് തന്നെ നോർക്കയുടെ ഔദ്യോഗിക ഇടപെടലുണ്ടായി. കഴിഞ്ഞ മാസം നോർക്ക സംസ്ഥാന സർക്കാരിന് അയച്ച കത്താണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ബ്രൂണെയ്യിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് നോർക്കയുടെ അടിയന്തര ഇടപെടൽ ഉണ്ടായത്. ആരോഗ്യപ്രശ്നങ്ങളുള്ള മലയാളിയെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്തിൽ ദാമോദര മേനോന്റെ പാസ്പോർട്ട് നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ജൂലൈ രണ്ടിനാണ് ഈ കത്ത് അയച്ചിട്ടുള്ളത്. പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റേതെന്ന പേരിൽ ദാമോദര മേനോന്റെ ചിത്രം സമൂഹമാധ്യമങ്ങളിലും മറ്റും വ്യാപകമായി പ്രചരിച്ചിരുന്നു.
സുകുമാര കുറുപ്പ് ബ്രൂണെയ്യിൽ വ്യാജപേരിൽ ജീവിക്കുന്നുവെന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ചിത്രമെന്ന അവകാശവാദത്തോടെ ഈ ഫോട്ടോ പ്രചരിച്ചത്. എന്നാൽ ഈ ചിത്രവും, കുറുപ്പിന്റേതാണെന്ന് സംശയിച്ച് പൊലീസ് ശേഖരിച്ച പാസ്പോർട്ടും തൃശൂർ വടക്കാഞ്ചേരി സ്വദേശിയായ ദാമോദര മേനോൻ എന്നയാളുടേതാണെന്ന് ബന്ധുക്കൾ പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു.
ദാമോദര മേനോന്റെ സഹോദരൻ കരുണാകരനാണ് മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്. ഏകദേശം 40 വർഷങ്ങൾക്ക് മുമ്പാണ് ദാമോദര മേനോൻ മലേഷ്യയിലേക്ക് ജോലിക്കായി പോയത്.
അവിടെവെച്ച് പാലക്കാട് സ്വദേശിനിയെ വിവാഹം കഴിച്ച അദ്ദേഹത്തിന് രണ്ട് മക്കളുമുണ്ട്. നിലവിൽ ഒരു അപകടത്തിൽപ്പെട്ട് ചികിത്സയിലാണ് അദ്ദേഹം.
നാട്ടിലെ കുടുംബാംഗങ്ങളുമായി അദ്ദേഹം നിരന്തരം ബന്ധപ്പെടാറുണ്ടായിരുന്നുവെന്നും, ഒരു മാസം മുൻപും അദ്ദേഹം വീട്ടിലേക്ക് വിളിച്ചിരുന്നതായും സഹോദരൻ വെളിപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

