മലപ്പുറം കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശി ഷൗക്കത്ത് എന്ന ഓട്ടോ ഡ്രൈവറുടെ മരണവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ അടങ്ങിയ ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു.
വാഹനത്തിൽ വരുത്തിയ രൂപമാറ്റങ്ങൾ ഒഴിവാക്കാത്തതാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിഷേധിക്കാൻ കാരണമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. രൂപമാറ്റങ്ങൾ നീക്കം ചെയ്യാൻ അധികൃതർ കർശന നിർദ്ദേശം നൽകിയിരുന്നെങ്കിലും അത് പാലിക്കാൻ തയാറായില്ല.
ഇതേത്തുടർന്നാണ് വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നത് തടഞ്ഞതെന്നും അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ലോണെടുത്ത് വാങ്ങിയ ഓട്ടോറിക്ഷ മാത്രമായിരുന്നു ഷൗക്കത്തിന്റെ കുടുംബത്തിന്റെ ഏക ഉപജീവനമാർഗം.
എന്നാൽ വാഹനത്തിൽ മോഡിഫിക്കേഷൻ വരുത്തിയെന്ന് കാണിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അനുമതി നിഷേധിച്ചതോടെ ഇയാളുടെ വരുമാന മാർഗം പൂർണ്ണമായി തടസ്സപ്പെടുകയായിരുന്നു. ഇതിന്റെ മനോവിഷമത്തിലായിരുന്നു ഷൗക്കത്തിന്റെ മരണം.

