അമേരിക്കയുടെ ഭാഗത്തുനിന്നും പുതിയ സാമ്പത്തിക ഉപരോധങ്ങൾ നിലനിൽക്കുമ്പോഴും, രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ സുരക്ഷിതമായി നിലനിർത്താൻ പൂർണ്ണ ശേഷിയുണ്ടെന്ന് പ്രഖ്യാപിച്ച് ടെഹ്റാൻ രംഗത്ത്. യുദ്ധം ആറുമാസം പിന്നിടുന്ന സാഹചര്യത്തിൽ, കടുത്ത ഉപരോധങ്ങളിലൂടെ രാജ്യത്തെ മുട്ടുകുത്തിക്കാനുള്ള യുഎസ് നീക്കങ്ങളെ പ്രതിരോധിക്കാൻ രണ്ട് വർഷത്തെ പ്രത്യേക കർമ്മപദ്ധതിക്ക് രൂപം നൽകിയതായി സാമ്പത്തിക കാര്യ മന്ത്രി അലി മദനിസാദെ വ്യക്തമാക്കി.
ഉപരോധങ്ങളെ അതിജീവിക്കാൻ പതിറ്റാണ്ടുകളുടെ അനുഭവപരിചയമുണ്ടെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം, ഇറാനുമായുള്ള ബന്ധം വിച്ഛേദിക്കാനുള്ള ഡോണൾഡ് ട്രംപിന്റെ സമ്മർ്ദം പല രാജ്യങ്ങളും തള്ളിക്കളയുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു. ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിച്ചും വിദേശ കറൻസിയും സ്വർണ്ണവും കരുതിവെച്ചും പ്രതിരോധം തീർക്കാനാണ് ടെഹ്റാന്റെ പ്രധാന നീക്കം.
എങ്കിലും, സമ്പദ്വ്യവസ്ഥയിൽ കടുത്ത സമ്മർദ്ദം തുടരുന്നുണ്ടെന്ന് അധികൃതർ സമ്മതിക്കുന്നുണ്ട്. നാണ്യപ്പെരുപ്പവും കറൻസി ഇടിവും ഉൾപ്പെടെയുള്ള ഗുരുതരമായ ആഭ്യന്തര വെല്ലുവിളികളാണ് രാജ്യം നേരിടുന്നത്.
യുഎസ് ഡോളറിനെതിരെ ഇറാനിയൻ റിയാലിന്റെ മൂല്യം റെക്കോർഡ് ഇടിവിലേക്ക് താഴ്ന്നു. ജൂലൈ മാസത്തിലെ കണക്കുകൾ പ്രകാരം ഭക്ഷ്യവിലയിൽ മുൻവർഷത്തെ അപേക്ഷിച്ച് 128 ശതമാനത്തിലധികം വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
പ്രധാന വരുമാന സ്രോതസ്സായ എണ്ണ കയറ്റുമതി നിലച്ച മട്ടിലാണെങ്കിലും, യുഎസിന് തൊടാനാകാത്ത കേന്ദ്രങ്ങളിൽ സെൻട്രൽ ബാങ്കിന് ആവശ്യത്തിന് വിദേശ കറൻസി ശേഖരമുണ്ടെന്ന് ഗവർണർ അബ്ദുൽനാസർ ഹെമ്മാത്തി വ്യക്തമാക്കി. ഭക്ഷ്യസുരക്ഷയുടെ ഭാഗമായി ആവശ്യമായ ഭക്ഷ്യവസ്തുക്കളുടെ 85 ശതമാനവും ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നുണ്ട്.
ഇത് 90 ശതമാനമായി ഉയർത്താനാണ് ലക്ഷ്യമിടുന്നതെങ്കിലും, രാജ്യത്തെ രൂക്ഷമായ ജലക്ഷാമം കാർഷിക മേഖലയ്ക്ക് വലിയ വെല്ലുവിളിയായി മാറിയിട്ടുണ്ട്. മരുന്ന് മേഖലയിലും സമാനമായ പ്രതിസന്ധിയാണുള്ളത്.
97 ശതമാനം മരുന്നുകളും സ്വന്തമായി നിർമ്മിക്കുന്നുണ്ടെങ്കിലും, ഇറക്കുമതി ചെയ്യുന്ന നിർണായക മരുന്നുകൾക്ക് വിലക്കയറ്റവും ക്ഷാമവും നേരിടുന്നുണ്ട്. ഇതിനിടയിൽ, യുഎസും ഇസ്രായേലും നടത്തിയ ബോംബാക്രമണങ്ങളിൽ ഊർജ്ജ നിലയങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതോടെ വൈദ്യുതി, പ്രകൃതിവാതക വിതരണത്തിൽ പ്രതിദിന റേഷനിംഗ് ഏർപ്പെടുത്താൻ ഭരണകൂടം നിർബന്ധിതരായിരിക്കുകയാണ്.
സാഹചര്യങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യാൻ ഇന്ധനവില വർദ്ധിപ്പിക്കുന്നതടക്കമുള്ള കടുത്ത സാമ്പത്തിക പരിഷ്കാരങ്ങൾ അനിവാര്യമാണെന്ന് സാമ്പത്തിക വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. എന്നിരുന്നാലും, നിലവിലെ വിഭവക്ഷാമവും പണപ്പെരുപ്പവും കാരണം ജനജീവിതം കൂടുതൽ ദുഷ്കരമായ ഒരു ഘട്ടത്തിലേക്കാണ് രാജ്യം കടന്നുപോകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

