നേപ്പാളിലുണ്ടായ ദാരുണമായ മിന്നൽ പ്രളയത്തിൽ കാണാതായ ഇന്ത്യക്കാരുടെ എണ്ണം 250 കടന്നു. ഇതിൽ തമിഴ്നാട്ടിൽ നിന്ന് യാത്ര തിരിച്ച 37 പേരെക്കുറിച്ചും, ഇഷ ഫൗണ്ടേഷൻ വഴി പോയ 77 പേരെക്കുറിച്ചും യാതൊരുവിധ വിവരങ്ങളും ലഭ്യമല്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
പ്രളയത്തിൽ കാണാതായവരുടെ ബന്ധുക്കൾ സഹായത്തിനായി ഹെൽപ്പ്ലൈൻ നമ്പറുകളിൽ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നേപ്പാൾ സർക്കാറുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്ന് ഇന്ത്യൻ എംബസി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ചൈനീസ്-ടിബറ്റൻ അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന വടക്കൻ നേപ്പാളിലുണ്ടായ പ്രകൃതിക്ഷോഭത്തിൽ ഇതുവരെ 95 പേർ ജീവൻ വെടിഞ്ഞു. നേപ്പാൾ ടൂറിസം ബോർഡിന്റെ കണക്കുകൾ പ്രകാരം ആകെ 384 വിനോദസഞ്ചാരികളെയാണ് ദുരന്ത മേഖലയിൽ നിന്ന് കാണാതായിട്ടുള്ളത്.
ഇതിൽ 105 പേർ ഇന്ത്യക്കാരാണെന്നായിരുന്നു പ്രാരംഭ ഘട്ടത്തിൽ പുറത്തുവന്ന റിപ്പോർട്ടുകൾ. പ്രളയത്തിന്റെ കെടുതിയിൽ നിരവധി കെട്ടിടങ്ങളും പാലങ്ങളും പൂർണ്ണമായി തകർന്നു വീണിട്ടുണ്ട്.
സൈന്യത്തിന്റെ നേതൃത്വത്തിലുള്ള അടിയന്തര രക്ഷാപ്രവർത്തനങ്ങൾ ഇപ്പോൾ പുരോഗമിക്കുകയാണ്. ടിബറ്റൻ മേഖലയിലുണ്ടായ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്നുണ്ടായ ഹിമപാതമാണ് നദിയിലെ പെട്ടെന്നുള്ള ജലനിരപ്പ് ഉയർച്ചയ്ക്കും വെള്ളപ്പൊക്കത്തിനും കാരണമെന്ന് നേപ്പാൾ ഭരണകൂടം വിശദീകരിച്ചു.
രാവിലെ എട്ടരയോടെയാണ് റസുവ ജില്ലയിലെ ഭോട്ടെ കോശി നദിയിൽ മിന്നൽ പ്രളയം ഉണ്ടായത്. ടിബറ്റൻ ഭാഗത്തുനിന്ന് ഇരച്ചെത്തിയ കനത്ത വെള്ളപ്പാച്ചിലിൽ സാപ്പു ബസി, തിമൂരെ എന്നീ മേഖലകളിലെ ഗ്രാമങ്ങളും വ്യാപാര കേന്ദ്രങ്ങളും ഒലിച്ചുപോയി.
ദുരന്തത്തിൽ 12 പ്രധാന ജലവൈദ്യുത പദ്ധതികളും ട്രാൻസ്മിഷൻ ലൈനുകളും തകരാറിലായിട്ടുണ്ട്. കൂടാതെ 19 പാലങ്ങളും ഏകദേശം 40 കിലോമീറ്ററോളം വരുന്ന റോഡുകളും പ്രളയത്തിൽ തകർന്നു തരിപ്പണമായി.
നേപ്പാളിനെയും ചൈനയെയും ബന്ധിപ്പിക്കുന്ന ടിബറ്റിലെ ഗയ്റോങ് അതിർത്തിയിൽ ഉണ്ടായ വൻ മണ്ണിടിച്ചിലിനെ തുടർന്ന് പ്രദേശത്തെ വാർത്താവിനിമയ സംവിധാനങ്ങളും റോഡ് ഗതാഗതവും പൂർണ്ണമായി സ്തംഭിച്ച നിലയിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

