നേപ്പാളിലെ ഭോട്ടെ കോശി നദിയിലുണ്ടായ ശക്തമായ മിന്നൽപ്രളയത്തിൽ എട്ടു പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. സംഭവത്തിൽ നിരവധി പേരെ കാണാതായിട്ടുമുണ്ട്.
ടിബറ്റൻ അതിർത്തി മേഖലയിൽ നിന്ന് കുത്തിയൊലിച്ചെത്തിയ വെള്ളമാണ് രാജ്യത്ത് വലിയതോതിലുള്ള നാശനഷ്ടങ്ങൾ സൃഷ്ടിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നുവാകോട്ട്, ധാഡിങ് ജില്ലകളിൽ നിന്നായി ഇതുവരെ എട്ട് മൃതദേഹങ്ങൾ വീണ്ടെടുത്തതായി സെൻട്രൽ പൊലീസ് അറിയിച്ചു.
പ്രധാനമായും രസുവ ജില്ലയിൽ 26 നേപ്പാൾ പൊലീസ് ഉദ്യോഗസ്ഥരെ കാണാതായതായി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ തങ്ങളുടെ ഏഴ് ഉദ്യോഗസ്ഥരെ കാണാതായതായി സായുധ പൊലീസ് സേനയും (എപിഎഫ്) സ്ഥിരീകരിച്ചു.
ദുരന്തം വിതച്ച പ്രദേശങ്ങളിൽ നേപ്പാൾ സൈന്യം ഹെലികോപ്റ്ററുകളും പ്രത്യേക ദുരന്തനിവാരണ സേനയെയും അടിയന്തരമായി വിന്യസിച്ചിട്ടുണ്ട്. നാശനഷ്ടങ്ങളുടെ പൂർണ്ണ വിവരങ്ങൾ അധികൃതർ ശേഖരിച്ചു വരികയാണ്.
രാജ്യത്തിന്റെ വടക്കൻ ജില്ലകളെയാണ് പ്രകൃതിക്ഷോഭം കനത്ത തോതിൽ ബാധിച്ചത്. മിന്നൽപ്രളയത്തിന്റെ കുത്തൊഴുക്കിൽ പല ഗ്രാമങ്ങളും പൂർണ്ണമായി ഒലിച്ചുപോയതായാണ് വിവരം.
രസുവഗഡി, ചിലിമെ, തൃശൂലി 3എ, തൃശൂലി 3ബി ഹബ് 220 കെ.വി സബ്സ്റ്റേഷൻ, തൃശൂലി ഹൈഡ്രോപവർ സ്റ്റേഷൻ, ദേവിഘട്ട് ഹൈഡ്രോപവർ സ്റ്റേഷൻ എന്നീ ആറ് പ്രധാന ജലവൈദ്യുത പദ്ധതികൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചതായി നേപ്പാൾ ഇലക്ട്രിസിറ്റി അതോറിറ്റി (എൻഇഎ) അറിയിച്ചു. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നേപ്പാളിലെ ഒട്ടുമിക്ക ദേശീയപാതകളും താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്.
ടിബറ്റുമായി അതിർത്തി പങ്കിടുന്ന മലയോര താഴ്വരകളിലൂടെ ചെളിനിറഞ്ഞ വെള്ളം ഇരച്ചെത്തുന്നതിന്റെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ‘‘നാശനഷ്ടങ്ങളുടെ കൃത്യമായ വ്യാപ്തി ഞങ്ങൾക്ക് അറിയില്ല, പക്ഷേ പ്രളയം വളരെ വലുതാണ്, ഇത് ഒട്ടേറെ ജനവാസ മേഖലകളെ ബാധിച്ചിട്ടുണ്ടാകാം.’’– നേപ്പാൾ പൊലീസ് വക്താവ് അബി നാരായൺ കാഫ്ലെ വ്യക്തമാക്കി.
നദീതീരങ്ങളിൽ കഴിയുന്ന ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ലഭ്യമായ മുഴുവൻ സംവിധാനങ്ങളും രക്ഷാപ്രവർത്തനത്തിനായി രംഗത്തിറക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ സാഹചര്യം വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി ബാലേന്ദ്ര ഷാ നാഷനൽ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ ആൻഡ് മാനേജ്മെന്റ് അതോറിറ്റിയുടെ അടിയന്തര യോഗം വിളിച്ചുചേർത്തിട്ടുണ്ട്.
മെഡിക്കൽ സംഘങ്ങൾ, സ്കൗട്ടുകൾ, റെഡ് ക്രോസ് തുടങ്ങിയ സന്നദ്ധ സംഘടനകളുമായി ഏകോപനം നടത്തി ആവശ്യമായ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചതായി പ്രധാനമന്ത്രി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ടിബറ്റിൽ നിന്ന് ഉദ്ഭവിക്കുന്ന ഭോട്ടെ കോശി നദി നേപ്പാളിലെ തൃശൂലി നദിയിലേക്കാണ് ഒഴുകിയെത്തുന്നത്.
തുടർന്ന് ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന ഈ നദി ഗണ്ഡക് നദിയായി മാറുന്നു. കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ ഭോട്ടെ കോശി നദിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ഒൻപത് പേർ ജീവൻ നഷ്ടപ്പെടുകയും 24 പേരെ കാണാതാവുകയും ചെയ്തിരുന്നു.
അന്ന് നേപ്പാളും ചൈനയും തമ്മിലുള്ള ‘ഫ്രണ്ട്ഷിപ് ബ്രിഡ്ജ്’ ഒലിച്ചുപോയത് മാസങ്ങളോളം ഇരുരാജ്യങ്ങൾ തമ്മിലുള്ള ഗതാഗതത്തെയും വ്യാപാരത്തെയും ഗുരുതരമായി ബാധിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

