കെഎസ്ആർടിസിയിൽ പ്രോജക്ട് സൂര്യ പദ്ധതിക്ക് ഔദ്യോഗികമായി തുടക്കമായി. മികച്ച സാങ്കേതിക നിലവാരമുള്ള പഴയ ബസുകൾ കുറഞ്ഞ ചെലവിൽ നവീകരിച്ച് വീണ്ടും നിരത്തിലിറക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഇതോടൊപ്പം സാങ്കേതിക വിദ്യാർഥികൾക്കായി വർക്ഷോപ്പുകളിൽ പ്രത്യേക തൊഴിലധിഷ്ഠിത പരിശീലന പരിപാടിയും കെഎസ്ആർടിസി സംഘടിപ്പിക്കുമെന്ന് മന്ത്രി സി.പി.ജോൺ അറിയിച്ചു. ഐടിഐ, പോളിടെക്നിക്, എൻജിനീയറിങ് വിദ്യാർഥികൾക്ക് വലിയ അവസരങ്ങളാണ് ഇതിലൂടെ ലഭ്യമാക്കുന്നത്.
പ്രത്യേക ആഡ് ഓൺ സർട്ടിഫിക്കേഷൻ പ്രോഗ്രാമിന്റെ ഭാഗമായി ബസ് ബോഡി ബിൽഡിങ്, എൻജിൻ ഓവർഹോളിങ്, ഇലക്ട്രിക്കൽ വയറിങ്, ലൈറ്റിങ് സിസ്റ്റം എന്നിവയിൽ വർക്ഷോപ്പുകളിൽ നേരിട്ട് പരിശീലനം നേടാൻ സാധിക്കും. കെഎസ്ആർടിസി നൽകുന്ന സർട്ടിഫിക്കറ്റ് വിദ്യാർഥികളുടെ ഭാവിക്ക് വലിയ മുതൽക്കൂട്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.
ഇതോടൊപ്പം അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി എറണാകുളത്ത് 13 കോടി രൂപ ചെലവിൽ പുതിയ ബസ് ടെർമിനലിന്റെ നിർമാണം ഒന്നര വർഷത്തിനുള്ളിൽ പൂർത്തിയാക്കാനും തീരുമാനമായിട്ടുണ്ട്. ഒന്നര ലക്ഷം മുതൽ രണ്ടര ലക്ഷം രൂപയ്ക്കുള്ളിലാണ് ബിഎസ് മൂന്ന്, ബിഎസ് നാല് വിഭാഗങ്ങളിൽപെടുന്ന ബസുകൾ ഡീലക്സ്, സൂപ്പർഫാസ്റ്റ് നിലവാരത്തിലേക്ക് നവീകരിച്ചെടുക്കുന്നത്.
സൂപ്പർ ക്ലാസ് ശ്രേണിയിലുള്ള 26 ബസുകളും ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ് ശ്രേണിയിലുള്ള 52 ബസുകളും ഓർഡിനറി ശ്രേണിയിലുള്ള 22 ബസുകളും ഉൾപ്പെടെയുള്ളവ ഈ നവീകരണ പദ്ധതിയുടെ ഭാഗമായി മാറ്റിയെടുക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

