കോഴിക്കോട്: കാപ്പ നിയമപ്രകാരം നാടുകടത്തപ്പെട്ടതിന് പിന്നാലെ ഉപാധികൾ ലംഘിച്ച് തിരിച്ചെത്തിയ ക്രിമിനൽ കേസ് പ്രതിയെ പോലീസ് പിടികൂടി. കോഴിക്കോട് അരക്കിണർ മാത്തോട്ടം സ്വദേശിയായ അൻസാറിനെയാണ് (36) ബേപ്പൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ബേപ്പൂർ പോലീസ് സ്റ്റേഷന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വ്യക്തിയാണ് പിടിയിലായ അൻസാർ. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇയാളുടെ പേരിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്.
വെള്ളയിൽ, നടക്കാവ്, ടൗൺ, മാറാട്, കസബ, പന്നിയങ്കര, ബേപ്പൂർ, ചെമ്മങ്ങാട്, കൊണ്ടോട്ടി തുടങ്ങിയ സ്റ്റേഷൻ പരിധികളിലാണ് ഇയാൾക്കെതിരെ കേസുകളുള്ളത്. ലഹരിമരുന്ന് ഉപയോഗിച്ച് ജനങ്ങളെ ഭീഷണിപ്പെടുത്തുക, കവർച്ച നടത്തുക, വഴിയിൽ തടഞ്ഞുനിർത്തി മർദ്ദിക്കുക, കൊലപാതകശ്രമം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ ഇയാൾ പ്രതിയാണ്.
തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട പശ്ചാത്തലത്തിലാണ്, കോഴിക്കോട് സിറ്റി പോലീസ് പരിധിയിൽ പ്രവേശിക്കുന്നതിനും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും ഇയാൾക്കെതിരെ കാപ്പ നിയമം ചുമത്തി ഒരു വർഷത്തേക്ക് വിലക്കേർപ്പെടുത്തിയിരുന്നത്.
എന്നാൽ ഈ ഉത്തരവ് ലംഘിച്ച് ഇയാൾ വീട്ടിലെത്തുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

