മാവേലിക്കര വെൺമണിയിൽ ഏവരേയും നോവിക്കുന്ന വികാരനിർഭരമായ കാഴ്ച. ദീർഘകാലം തങ്ങളെ പരിചരിച്ച പ്രിയ പാപ്പാന് യാത്രാമൊഴിയേകാൻ വെൺമണി പാറു എന്ന ആനയെത്തി.
കഴിഞ്ഞദിവസം അന്തരിച്ച വെട്ടിയാർ രാമനല്ലൂർ രാജേഷ് ഭവനത്തിൽ കൃഷ്ണൻകുട്ടിക്ക് (തമ്പി -74) അന്ത്യാഞ്ജലി അർപ്പിക്കാനാണ് ആനയെ സംസ്കാര ചടങ്ങിനെത്തിച്ചത്. തന്നെ സ്നേഹത്തോടെ നോക്കിയ പാപ്പാന് കണ്ണീരോടെയാണ് ആന അന്തിമോപചാരം അർപ്പിച്ചത്.
സംസ്കാര ചടങ്ങിനെത്തിച്ച ആനയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്ന കാഴ്ച അവിടെ കൂടിയവരുടെ കരളലിയിപ്പിച്ചു. തുമ്പിക്കൈ ഉയർത്തി പുവിട്ട് തൊഴുത ആന, അരമണിക്കൂറോളം ഒരേ നിൽപ്പ് നിന്ന ശേഷമാണ് അവിടെനിന്നും മടങ്ങിയത്.
കൃഷ്ണൻകുട്ടിയും വെൺമണി പാറുവും തമ്മിലുള്ള ആത്മബന്ധത്തിന് 34 വർഷത്തെ പഴക്കമുണ്ട്. 1992ലാണ് പാറു കൃഷ്ണൻകുട്ടിയുടെ കൈകളിൽ എത്തുന്നത്.
അന്ന് നാട്ടിൽ ഭീതി വിതച്ച് ‘തലതീനി പാറു’ എന്ന ഇരട്ടപ്പേര് ലഭിച്ച വെൺമണി പാറു, കൃഷ്ണൻകുട്ടിയെ കണ്ടുമുട്ടുന്നതിനു മുൻപ് 9 പേരെ കൊലപ്പെടുത്തിയിരുന്നു. എന്നാൽ കൃഷ്ണൻകുട്ടിയുടെ കൈകളിൽ എത്തിയതോടെ പാറു വിനീത വിധേയയായ കുഞ്ഞാടായി മാറി.
ഒരിക്കലും നോവിക്കാതെ പാറുവിനെ അദ്ദേഹം സ്നേഹത്തോടെയും കൃത്യതയോടെയും പരിചരിച്ചു പോന്നു. 2020ൽ കൃഷ്ണൻകുട്ടിക്ക് അപകടത്തിൽ രണ്ടു കാലുകൾക്കും ഒടിവുണ്ടായി.
തുടർന്ന് കൃഷ്ണൻകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയശേഷം തൃശൂരിൽ നിന്ന് മയക്കുവെടി സംഘം എത്തി മയക്കിയശേഷമാണ് പാറുവിനെ സ്ഥലത്തുനിന്നും മാറ്റിയത്. പിന്നീട് ഓതറ പുതുക്കുളങ്ങര ദേവീക്ഷേത്രം അധികൃതർ പാറുവിനെ വിലയ്ക്കു വാങ്ങി.
നിലവിൽ മറ്റൊരാളാണ് ഈ ആനയുടെ പാപ്പാൻ. സംസ്കാര സമയം അന്വേഷിച്ചറിഞ്ഞ ശേഷമാണ് ക്ഷേത്ര അധികൃതർ ലോറിയിൽ പാറുവിനെ ചടങ്ങിലേക്ക് എത്തിച്ചത്.
1979ൽ ദേവസ്വം ബോർഡിൽ ലഭിച്ച ജോലി ഉപേക്ഷിച്ച് സ്വന്തം നിലയിൽ ജോലി തുടർന്ന കൃഷ്ണൻകുട്ടി, 55 വർഷത്തിനിടെ ഒട്ടേറെ ആനകളുടെ പാപ്പാനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

