ഗുരുവായൂർ ക്ഷേത്രത്തിൽ ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ചയായ ഇന്ന് നടക്കുന്ന വിവാഹ ചടങ്ങുകൾക്കായി എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു. ഇതിനകം 437 വിവാഹങ്ങൾ ആണ് ഇവിടെ ബുക്ക് ചെയ്തിട്ടുള്ളത്.
പുലർച്ചെ നാല് മണി മുതൽ തന്നെ ചടങ്ങുകൾ ആരംഭിക്കും. തിരക്ക് നിയന്ത്രിക്കുന്നതിനും സുഗമമായ നടത്തിപ്പിനുമായി ആറ് മണ്ഡപങ്ങളും കൂടുതൽ കോയ്മമാരെയും സജ്ജമാക്കിയിട്ടുണ്ട്.
വിവാഹങ്ങളുടെ സുരക്ഷിതത്വവും ഭക്തരുടെ ക്ഷേത്ര ദർശനവും ഒരേസമയം ഉറപ്പുവരുത്തുന്നതിനായി ദേവസ്വം സുരക്ഷാ ജീവനക്കാരും വൻ പൊലീസ് സന്നാഹവും രംഗത്തുണ്ടാകും. അവസാനവട്ട
ഒരുക്കങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി ശനിയാഴ്ച ദേവസ്വം ഭരണസമിതി അംഗങ്ങളും ജീവനക്കാരും പൊലീസ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ചേർന്ന് യോഗം ചേർന്നിരുന്നു. തുടർന്ന് ക്ഷേത്രപരിസരം, കിഴക്കേനട, വിവാഹമണ്ഡപങ്ങൾ എന്നിവിടങ്ങളിൽ ഉദ്യോഗസ്ഥർ നേരിട്ട് സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി.
വിവാഹ സംഘങ്ങൾക്ക് പ്രവേശിക്കുന്നതിനായി പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കിഴക്കേനട
വഴിയും തെക്കേനടയിലെ വനമാല ഹോട്ടലിന് സമീപമുള്ള ദേവസ്വം ഗേറ്റ് വഴിയും എത്തുന്നവർക്ക് മേൽപുത്തൂർ ഓഡിറ്റോറിയത്തിന് തെക്കുഭാഗത്തെ നടപ്പന്തലിൽ നിന്ന് ടോക്കൺ കൈപ്പറ്റി നിശ്ചയിച്ചിട്ടുള്ള കസേരകളിൽ വിശ്രമിക്കാം. ആദ്യം എത്തുന്നവർക്ക് മുൻഗണനാ ക്രമത്തിൽ ടോക്കൺ നൽകും.
തുടർന്ന് ഊഴമെത്തുമ്പോൾ വിവാഹ സംഘത്തെ മണ്ഡപത്തിലേക്ക് പ്രവേശിപ്പിക്കും. ഇതിനായി സന്ദർശകർക്ക് വ്യക്തമായ നിർദ്ദേശം നൽകുന്ന ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.
ഞായറാഴ്ച പുലർച്ചെ മൂന്നരയോടെ തന്നെ വിവിധ പോയിന്റുകളിൽ പൊലീസിനെ വിന്യസിക്കും. ഇന്നർ റിങ്, ഔട്ടർ റിങ് റോഡുകൾ ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ വാഹന പാർക്കിങ് കർശനമായി നിരോധിച്ചിട്ടുണ്ട്.
വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി ദേവസ്വം ബഹുനില പാർക്കിങ് സമുച്ചയം, ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ മൈതാനം, ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ മൈതാനം, സമീക്ഷ പറമ്പ്, നഗരസഭയുടെ പാർക്കിങ് സമുച്ചയം എന്നീ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്. കിഴക്കേ നടയിലെത്തുന്ന ഭക്തർക്ക് ദീപസ്തംഭത്തിന് മുന്നിൽ നിന്നും സുഗമമായി ദർശനം നടത്തുന്നതിനായി പ്രത്യേക വഴിയൊരുക്കിയിട്ടുണ്ട്.
ദർശനം പൂർത്തിയാക്കുന്ന ഭക്തജനങ്ങൾ തെക്കേ നടവഴി പുറത്തേക്ക് പോകണമെന്ന് ദേവസ്വം അധികൃതർ അഭ്യർത്ഥിച്ചു. ക്ഷേത്രത്തിനകത്തും പുറത്തുമായി നൂറിലധികം പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്.
ഇതിനുപുറമെ നിരീക്ഷണം ശക്തമാക്കാൻ മഫ്തിയിലുള്ള പൊലീസിനെയും കൂടുതൽ വനിതാ പൊലീസുകാരെയും പ്രത്യേകമായി വിന്യസിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

