തിരുവനന്തപുരം: മത്സ്യബന്ധനത്തിനുശേഷം വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തുന്നതിനിടയിൽ അവശനായി കടലിൽ മുങ്ങിമരിച്ച സംഭവത്തിൽ കോസ്റ്റൽ പൊലീസ് കേസെടുത്തു. കന്യാകുമാരി മണ്ടയ്ക്കാട് കൽകുളം സ്വദേശിയായ പ്രകാശ് ലിബിൻ (21) ആണ് ദാരുണമായി മരണപ്പെട്ടത്.
കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം നടന്നത്. രണ്ട് വള്ളങ്ങളിലായാണ് തൊഴിലാളികൾ കടലിലേക്ക് മീൻപിടിത്തത്തിനായി പോയിരുന്നത്.
ഇതിൽ ലെഡിസ്റ്റൺ എന്നയാളുടെ ഉടമസ്ഥതയിലുള്ള വള്ളത്തിലാണ് പ്രകാശ് ലിബിനും മറ്റ് ആറുപേരും ഉണ്ടായിരുന്നത്. മീൻപിടിത്തം പൂർത്തിയാക്കി രാത്രി ഏഴരയോടെ സംഘം വിഴിഞ്ഞം ഹാർബറിലെത്തിച്ചേർന്നു.
തുടർന്ന് വള്ളത്തിലുണ്ടായിരുന്ന അഞ്ചുപേരെ കരയിലെത്തിക്കുകയും ചെയ്തു. ഇതിനുശേഷം ഹാർബറിന് സമീപം വള്ളം ബന്ധിച്ച ശേഷം മറ്റൊരു മത്സ്യത്തൊഴിലാളിക്കൊപ്പം പ്രകാശ് ലിബിൻ കരയിലേക്ക് നീന്തിവരുമ്പോഴാണ് ഈ അപകടം സംഭവിച്ചത്.
നീന്തുന്നതിനിടയിൽ കടുത്ത അവശത അനുഭവപ്പെടുകയും, തുടർന്ന് നീന്താനാകാതെ വെള്ളത്തിലേക്ക് താഴ്ന്നുപോകുകയുമായിരുന്നുവെന്ന് കോസ്റ്റൽ പൊലീസ് വ്യക്തമാക്കി. ഉടൻതന്നെ സഹപ്രവർത്തകർ തൊഴിലാളിയെ കരയിലെത്തിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തുടർനടപടികൾ പൂർത്തിയാക്കിയതിനുശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി ജന്മനാടായ തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി. സംഭവത്തിൽ കോസ്റ്റൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

