ഉത്തർപ്രദേശിലെ വാരാണസിയിൽ കഴിഞ്ഞ മൂന്ന് ദിവസമായി തിരോധാനമുണ്ടായ കോളജ് വിദ്യാർഥിനിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി. കാമുകന്റെ വാടക വീടിന്റെ ശുചിമുറിക്കുള്ളിലാണ് മൃതദേഹം ഒളിപ്പിച്ചിരുന്ന നിലയിൽ കണ്ടെത്തിയത്.
സംഭവത്തെക്കുറിച്ച് പൊലീസ് നൽകുന്ന വിവരങ്ങൾ ഇങ്ങനെ: ഓഗസ്റ്റ് 18-നാണ് കോളജിലേക്ക് എന്ന് പറഞ്ഞ് പെൺകുട്ടി വീട്ടിൽ നിന്നും പുറപ്പെട്ടത്. എന്നാൽ പിന്നീട് തിരിച്ചെത്താത്തതിനെ തുടർന്ന് മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
കാണാതായ വിവരം അറിഞ്ഞ ഉടനെ തന്നെ പെൺകുട്ടിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ സൈബർ പരിശോധനയിൽ വാരാണസിയിലെ ഒരു കോളജിനു സമീപത്താണ് ലൊക്കേഷൻ കാണിച്ചത്. തുടർന്ന് പൊലീസ് ഇവിടെയെത്തി പരിശോധന നടത്തിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.
ഇതിനിടയിൽ പെൺകുട്ടിയെ കാണാതായ അതേ ദിവസംതന്നെ അവരുമായി അടുപ്പമുണ്ടായിരുന്ന വിവേക് ചൗബ എന്ന യുവാവിനെയും കാണാനില്ലായിരുന്നു എന്ന് അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് സംശയം തോന്നിയ പെൺകുട്ടിയുടെ അമ്മ യുവാവ് താമസിക്കുന്ന വാടക വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു.
ഈ പരിശോധനയിലാണ് ശുചിമുറിയിൽ ഒളിപ്പിച്ച നിലയിൽ അഴുകിയ അവസ്ഥയിൽ മകളുടെ മൃതദേഹം കണ്ടെത്തിയത്. അടുത്തിടെയാണ് പെൺകുട്ടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നത്.
എന്നാൽ ഈ വിവാഹബന്ധത്തിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് വിവേക് ചൗബ വിദ്യാർഥിനിക്ക് മേൽ നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. തന്റെ മകളെ വിവേക് തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയതാണെന്നാണ് പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതി.
കൂടാതെ, പെൺകുട്ടിയുടെ മൊബൈൽ ഫോണിലേക്ക് ഇയാൾ വധഭീഷണി മുഴക്കിക്കൊണ്ടുള്ള സന്ദേശങ്ങൾ അയച്ചിരുന്നതായും വീട്ടുകാർ വെളിപ്പെടുത്തി. നിലവിൽ ഒളിവിൽ കഴിയുന്ന പ്രതിക്കായി ഊർജിതമായ തിരച്ചിൽ ആരംഭിച്ചിരിക്കുകയാണ് പൊലീസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

