സ്ത്രീകൾ അവരുടെ പിതാവിന്റെയോ ഭർത്താവിന്റെയോ മകന്റെയോ സ്വത്തല്ലെന്നും അവർ അവരുടേത് മാത്രമാണെന്നും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വ്യക്തമാക്കി. സ്ത്രീ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും പുരുഷന്മാരായ ബന്ധുക്കളുടെ അധികാരത്തിന് കീഴിലായിരിക്കണം എന്ന മനുസ്മൃതിയിലെ വ്യവസ്ഥ തികച്ചും ലജ്ജാകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൂണെയിൽ കോൺഗ്രസിന്റെ യുവജന സമ്പർക്ക പരിപാടിയായ ഛാത്രോം കി ഗൂഞ്ചിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ പരാമർശങ്ങൾ നടത്തിയത്. മനുസ്മൃതിയിൽ പറയുന്നത് ബാല്യത്തിൽ സ്ത്രീ പിതാവിനും, യൗവനത്തിൽ ഭർത്താവിനും, ഭർത്താവ് മരണപ്പെട്ടാൽ പുത്രന്മാർക്കും കീഴ്പ്പെട്ടിരിക്കണം എന്നാണ്.
സ്ത്രീ ഒരിക്കലും സ്വതന്ത്രയാകരുത് എന്നാണ് അതിൽ പറയുന്നത്. ഈ വാക്കുകൾ തികച്ചും ലജ്ജാകരമാണ്.
ഇത്തരം വാക്കുകൾ ഒരിക്കലും പറയാൻ പാടില്ലാത്തതായിരുന്നുവെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ഏറ്റവും വലിയ കരുത്ത് രാജ്യത്തെ എഴുപത് കോടിയോളം വരുന്ന സ്ത്രീകളുടെ സവിശേഷമായ ജീവിതയാത്രകളും ഭാവനകളും സ്വപ്നങ്ങളുമാണെന്ന് അദ്ദേഹം പറഞ്ഞു.
സ്ത്രീകൾ തങ്ങൾക്കുവേണ്ടി നിലകൊള്ളണമെന്നും സ്വന്തം കഴിവുകളിൽ വിശ്വസിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. “നിങ്ങൾ നിങ്ങളുടേത് മാത്രമാണ്, മറ്റാരുടെയും സ്വത്തല്ല.
നിങ്ങൾക്ക് നിങ്ങളുടെ പിതാവിനോടും സഹോദരനോടും ഭർത്താവിനോടും മകനോടും ഒക്കെ ബന്ധങ്ങളുണ്ടാകാം, എന്നാൽ നിങ്ങൾ അവർക്ക് കീഴിലുള്ളവരല്ല. പരമ്പരാഗതമായ സാമൂഹിക വേലിക്കെട്ടുകൾ തകർത്തെറിയണം.
ഓരോ വ്യക്തിയും സവിശേഷമായ സ്വപ്നങ്ങളുള്ളവരാണ്. സ്ത്രീകൾ സ്വാഭാവികമായും പുരുഷന്മാരേക്കാൾ കൂടുതൽ സംവേദനക്ഷമതയുള്ളവരും, സൗമ്യരും കാരുഞ്യമുള്ളവരും ദീർഘവീക്ഷണം ഉള്ളവരുമാണ്.
പലപ്പോഴും സ്ത്രീകളുടെ വ്യക്തിത്വം മകൾ, ഭാര്യ, അമ്മ എന്നീ മൂന്ന് അടയാളപ്പെടുത്തലുകളിലേക്ക് മാത്രമായി ചുരുക്കപ്പെടാറുണ്ട്. ഈ ബന്ധങ്ങളിൽ തെറ്റൊന്നുമില്ലെങ്കിൽ പോലും, ഇത് മാത്രമാകരുത് അവരുടെ ഏക സ്വത്വം.
സ്ത്രീകൾ ഇന്ന് പ്രഫഷണലുകളും കായികതാരങ്ങളുമായി വിവിധ മേഖലകളിൽ സജീവമാണെങ്കിലും, ഇപ്പോഴും അവരുടെ സ്വത്വം പുരുഷന്മാരുമായുള്ള ബന്ധങ്ങൾ മുൻനിർത്തിയാണ് നിർണയിക്കപ്പെടാറുള്ളത്. അത് മാറണം” എന്ന് അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

