പൊന്മുടി സംസ്ഥാന ഹൈവേയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന വിതുര ചന്തമുക്കിലെ ആൽമരം കനത്ത അപകടാവസ്ഥയിലാണെന്ന പരാതിയുമായി നാട്ടുകാർ രംഗത്ത്. റോഡരികിൽ നിൽക്കുന്ന ഈ മരത്തിന്റെ വേരുകൾ മണ്ണിന് മുകളിലേക്ക് പടർന്നിറങ്ങി സമീപത്തുള്ള കെട്ടിടങ്ങളുടെ അടിത്തറയിലേക്കും മറ്റ് നിർമിതികളിലേക്കും കയറിക്കഴിഞ്ഞു.
ഇത് പ്രദേശത്ത് വ്യാപകമായ നാശനഷ്ടങ്ങൾക്ക് കാരണമാകുന്നതായാണ് പ്രധാന പരാതി. മരത്തിന്റെ ഭീമാകാരമായ ശിഖരങ്ങൾ ചുറ്റും പടർന്നു പന്തലിച്ചു നിൽക്കുകയാണ്.
വേരുകൾ പൂർണ്ണമായും പുറത്തേക്ക് ഉയർന്ന നിലയിലായതിനാൽ, ശക്തമായ കാറ്റോ മഴയോ ഉണ്ടായാൽ മരം ഏത് നിമിഷവും കടപുഴകി വീഴാമെന്ന വലിയ ആശങ്കയിലാണ് പ്രദേശവാസികൾ കഴിയുന്നത്. ഇതിനുപുറമെ, മരത്തിന് തൊട്ടടുത്തുള്ള ബസ് ഷെൽട്ടറിന് ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
ഈ ആൽമരത്തിന്റെ സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങൾ, വീടുകൾ, ഒരു കുരിശടി എന്നിവയെല്ലാം നിലവിൽ കടുത്ത ഭീതിയുടെ നിഴലിലാണ്. ജനജീവിതത്തിനും യാത്രാസൗകര്യങ്ങൾക്കും വലിയ ഭീഷണിയായി മാറിയിരിക്കുന്ന ഈ വിഷയത്തിൽ ബന്ധപ്പെട്ട
അധികൃതർ അടിയന്തരമായി ഇടപെട്ട് സ്ഥിതിഗതികൾ വിലയിരുത്തണമെന്നും, എത്രയും പെട്ടെന്ന് ആവശ്യമായ സത്വര നടപടികൾ സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

