എരുത്തേമ്പതി പഞ്ചായത്തിൽ ഭൂമി മുറിച്ചു വിൽപന നടത്തിയ റിയൽ എസ്റ്റേറ്റ് സംഘത്തിന്റെ കബളിപ്പിക്കലിൽ പെർമിറ്റ് ലഭിക്കാതെ ഇരുനൂറോളം നിർധന കുടുംബങ്ങൾ ദുരിതത്തിൽ. തങ്ങളുടെ ജീവിത സമ്പാദ്യം സ്വരുക്കൂട്ടി മൂന്നും നാലും സെന്റ് ഭൂമി സ്വന്തമാക്കിയവരാണ് ഇപ്പോൾ വീടു നിർമിക്കാനോ കൈവശമുള്ള ഭൂമി വിൽക്കാനോ കഴിയാതെ കടുത്ത പ്രതിസന്ധിയിലായിരിക്കുന്നത്.
പഞ്ചായത്തിലെ നടുപ്പുണി, ആർവിപി പുതൂർ എന്നീ പ്രദേശങ്ങളിലെ മൂന്നു വ്യത്യസ്ത ഭാഗങ്ങളിലായാണ് റിയൽ എസ്റ്റേറ്റ് മാഫിയ പ്ലോട്ടുകളായി ഭൂമി വിഭജിച്ചു വിറ്റത്. മൊത്തം 1.24 ഏക്കറിലധികം ഭൂമിയാണ് യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെ ഇത്തരത്തിൽ വിറ്റഴിച്ചത്.
ഇത്രയും വിസ്തൃതിയുള്ള ഭൂമി പ്ലോട്ടുകളായി വിൽക്കണമെങ്കിൽ ടൗൺ പ്ലാനിങ് ഓഫിസിൽ നിന്ന് ഔദ്യോഗിക പ്ലാൻ ഡവലപ്മെന്റ് പെർമിറ്റ് നേടിയിരിക്കണം. കൂടാതെ, നിശ്ചിത അളവിലുള്ള റോഡ്, ഡ്രെയ്നേജ് സംവിധാനങ്ങൾ എന്നിവയ്ക്കൊപ്പം ഭൂമി വികസനവുമായി ബന്ധപ്പെട്ട
മറ്റു നിയമപരമായ വ്യവസ്ഥകളും കർശനമായി പാലിക്കേണ്ടതുണ്ട്. എന്നാൽ, ഇതിൽ യാതൊന്നും തന്നെ ഭൂമി വിൽപന നടത്തിയവർ പാലിച്ചിരുന്നില്ല.
ഭൂമി വാങ്ങിയവരിൽ ഭൂരിഭാഗവും സാധാരണക്കാരും പാവപ്പെട്ടവരുമായതിനാൽ ഈ നിയമലംഘനങ്ങളെക്കുറിച്ച് അവർക്ക് അറിവുണ്ടായിരുന്നില്ല. റവന്യു വകുപ്പ് ഉദ്യോഗസ്ഥരെത്തി ഭൂമി അളന്നു തിരിച്ചു നൽകിയതോടെ എല്ലാം നിയമപരമാണെന്ന് ഇവർ വിശ്വസിക്കുകയായിരുന്നു.
എന്നാൽ, വീടു നിർമാണത്തിനായി പഞ്ചായത്ത് ഓഫിസിൽ പെർമിറ്റിന് അപേക്ഷിക്കാൻ എത്തിയപ്പോഴാണ് ഈ ഗുരുതരമായ നിയമക്കുരുക്ക് പുറത്തുവരുന്നത്. ഭവന നിർമാണത്തിനായി സർക്കാരിന്റെ സാമ്പത്തിക സഹായം ലഭിച്ചവരും സ്വന്തമായി ബാങ്ക് വായ്പയെടുത്ത് വീടുറപ്പിക്കാൻ തയാറെടുത്തവരുമാണ് അധികൃതരുടെ അനുമതി ലഭിക്കാതെ വലയുന്നത്.
വിഷയം സംബന്ധിച്ച് താലൂക്ക് വികസന സമിതി യോഗത്തിൽ പരാതി നൽകിയെങ്കിലും ഇതുവരെയും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല. ഒടുവിൽ വഞ്ചിക്കപ്പെട്ടതായി ബോധ്യപ്പെട്ടതിനെ തുടർന്ന് ദുരിതത്തിലായ കുടുംബങ്ങൾ മന്ത്രി എ.പി.അനിൽകുമാറിന് നേരിട്ട് നിവേദനം സമർപ്പിച്ചിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

