മംഗളൂരുവിലെ റെയിൽപാത സൗത്ത് വെസ്റ്റേൺ റെയിൽവേയ്ക്ക് കീഴിലെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള തീരുമാനം ദീർഘനാളത്തെ ആവശ്യം പരിഗണിച്ചുള്ള സുപ്രധാന നടപടിയാണെന്ന് കർണാടകയിൽനിന്നുള്ള റെയിൽവേ സഹമന്ത്രി വി. സോമണ്ണ വ്യക്തമാക്കി.
ഈ തീരുമാനം തീരദേശ കർണാടകയുടെ ഏറെക്കാലത്തെ ആവശ്യം പരിഗണിച്ചുള്ളതാണ്. ഇത് മേഖലയിലെ റെയിൽവേ വികസനത്തിനും പ്രത്യേകിച്ച് മംഗളൂരുവിന്റെ വികസനത്തിനും സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാലക്കാട് റെയിൽവേ ഡിവിഷന് കീഴിലെ മംഗളൂരു മുതൽ ഉള്ളാൾ വരെയുള്ള ഭാഗം സൗത്ത് വെസ്റ്റേൺ റെയിൽവേയിലെ മൈസൂരു ഡിവിഷന് കീഴിലേക്ക് മാറ്റാൻ കഴിഞ്ഞദിവസമാണ് റെയിൽവേ ബോർഡ് തീരുമാനമെടുത്തത്. വരുന്ന ഒക്ടോബറിൽ ഈ മാറ്റം പ്രാബല്യത്തിൽ വരും.
മംഗളൂരു-ഉള്ളാൾ പാത മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള നടപടിയെ മംഗളൂരു എംപി ബ്രിജേഷ് ഛൗട്ടയും പൂർണ്ണമായി സ്വാഗതം ചെയ്തു. 2024-ൽ എംപിയായി അധികാരമേറ്റതിന് പിന്നാലെ താൻ മുൻഗണന നൽകിയ വിഷയങ്ങളിലൊന്നാണ് ഇതെന്നും ഇതോടെ മംഗളൂരുവിലെ റെയിൽപാതകളെല്ലാം ഒരു കുടക്കീഴിലായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മംഗളൂരു മേഖലയുടെ ദീർഘകാലത്തെ ആവശ്യമാണ് ഇതിലൂടെ സഫലമാകുന്നത്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ ഇക്കാര്യം ആവശ്യപ്പെട്ട് നിരന്തരം കണ്ടിരുന്നു.
മംഗളൂരുവിന്റെ വികസനത്തിന് സഹായകമാകുന്ന തീരുമാനമെടുത്തതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, സഹമന്ത്രി വി. സോമണ്ണ തുടങ്ങിയവരോട് നന്ദിയുണ്ടെന്നും മംഗളൂരു എംപി വ്യക്തമാക്കി.
അതേസമയം, പാലക്കാട് ഡിവിഷൻ വെട്ടിമുറിക്കാനുള്ള റെയിൽവേ തീരുമാനത്തിനെതിരെ കേരളത്തിൽ ശക്തമായ പ്രതിഷേധമാണ് ഉയർന്നു വന്നിരിക്കുന്നത്. ആരുമായും ചർച്ച നടത്താതെയാണ് റെയിൽവേ ഇത്തരമൊരു ഏകപക്ഷീയമായ തീരുമാനമെടുത്തതെന്ന് വി.കെ.
ശ്രീകണ്ഠൻ എം.പി ഉൾപ്പെടെയുള്ളവർ കടുത്ത വിമർശനം ഉന്നയിച്ചു. കർണാടകയിലെ രാഷ്ട്രീയ താൽപ്പര്യങ്ങൾ സംരക്ഷിക്കാനും ബിജെപിയെ പ്രീണിപ്പിക്കാനുമാണ് ഈ നീക്കമെന്നും വി.കെ.
ശ്രീകണ്ഠൻ മുൻപ് ആരോപിച്ചിരുന്നു. പാലക്കാട് ഡിവിഷന്റെ ഭാഗമായിരുന്ന മംഗളൂരുവിൽനിന്ന് ഉള്ളാൾ വരെയുള്ള റെയിൽപാതയാണ് മൈസൂരു ഡിവിഷന്റെ പരിധിയിലേക്ക് മാറ്റുന്നത്.
ഇതുസംബന്ധിച്ച ഔദ്യോഗിക നിർദേശം ദക്ഷിണ റെയിൽവേ, സൗത്ത് വെസ്റ്റേൺ റെയിൽവേ ജനറൽ മാനേജർമാർക്കും കൊങ്കൺ റെയിൽവേ എംഡിക്കും റെയിൽവേ ബോർഡ് കഴിഞ്ഞദിവസം കൈമാറിയിട്ടുണ്ട്. ഈ മാറ്റങ്ങൾക്കിടയിലും, മംഗളൂരുവിന് സമീപമുള്ള തോക്കൂർ റെയിൽവേ സ്റ്റേഷൻ കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിന്റെ കീഴിൽ തന്നെ തുടരുമെന്ന് അധികൃതർ അറിയിച്ചു.
കൊങ്കൺ റെയിൽവേയുടെയും സൗത്ത് വെസ്റ്റേൺ റെയിൽവേയുടെയും പ്രധാന ഇന്റർചേഞ്ച് പോയിന്റായി തോക്കൂർ സ്റ്റേഷൻ പ്രവർത്തിക്കും. മംഗളൂരു മുതൽ ഉള്ളാൾ വരെയുള്ള പാത സൗത്ത് വെസ്റ്റേൺ റെയിൽവേയിലേക്ക് മാറുന്നതോടെ ഇരു റെയിൽവേകൾക്കുമിടയിലുള്ള ഇന്റർചേഞ്ച് സ്റ്റേഷനിലും മാറ്റമുണ്ടാകും.
നിലവിലുണ്ടായിരുന്ന പാഡീൽ സ്റ്റേഷന് പകരം പുതിയ തീരുമാനപ്രകാരം ഉള്ളാൾ സ്റ്റേഷനായിരിക്കും സൗത്ത് വെസ്റ്റേൺ റെയിൽവേയ്ക്കും ദക്ഷിണ റെയിൽവേയ്ക്കും ഇടയിലുള്ള ഇന്റർചേഞ്ച് സ്റ്റേഷനായി മാറുക. ഡിവിഷൻ മാറ്റത്തിന്റെ ഭാഗമായി ജീവനക്കാരുടെ പുനഃക്രമീകരണവും വിവിധ തസ്തികകളുടെയും കൺട്രോൾ ബോർഡുകളുടെയും കൈമാറ്റവും വേഗത്തിൽ പൂർത്തിയാക്കാൻ റെയിൽവേ ബോർഡ് കർശന നിർദേശം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

