ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്ന് ചൈന ഔദ്യോഗികമായി വ്യക്തമാക്കി. ഇറാന് മേലുള്ള സാമ്പത്തിക ഉപരോധങ്ങള്‍ മേഖലയില്‍ കൂടുതല്‍ സംഘര്‍ഷാവസ്ഥയിലേക്ക് നയിക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
ഉപരോധങ്ങളും സാമ്പത്തിക സമ്മര്‍ദങ്ങളും ഏല്‍പ്പിക്കുന്നത് ഒരിക്കലും ഒരു പരിഹാരമാകുന്നില്ലെന്നാണ് ബെയ്ജിംഗിന്റെ നിലപാട്. ചൈനീസ് വിദേശകാര്യ മന്ത്രി ലിന് ജിയാന്‍ ആണ് മാധ്യമങ്ങളോട് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ഇറാനെ സാമ്പത്തികമായി തകര്‍ക്കുമെന്ന അമേരിക്കയുടെ പ്രഖ്യാപനത്തെ ‘സാമ്പത്തിക ഭീകരവാദമെന്നാണ്’ ഇറാന് വിശേഷിപ്പിച്ചത്. മിഡിൽ ഈസ്റ്റിലെ നിലവിലെ സ്ഥിതിഗതികൾ ചൂണ്ടിക്കാട്ടി, യുദ്ധം അവസാനിപ്പിക്കാനുള്ള സമയമായെന്ന് ഇറാന് പ്രസിഡന്റ് മസൂദ് പെസഷ്കിയാന് പ്രതികരിച്ചു.
ഇറാന് ശക്തമായി നിലകൊള്ളുന്ന നിലവിലെ സാഹചര്യത്തില്‍ യുദ്ധം അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് പെസഷ്കിയാന് വ്യക്തമാക്കി. എന്നാല്‍ ഒരു കാരണവശാലും അമേരിക്കയുടെ ഭീഷണിക്ക് വഴങ്ങില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തെ നേരിടാന്‍ രാജ്യത്തോട് ഇറാന് പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബഗേര്‍ ഗാലിബഫ് അഭ്യര്‍ഥിച്ചു. അമേരിക്കയുടെ പുതിയ ഉപരോധങ്ങള്‍ ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് തന്നെ വലിയ ഭീഷണിയാണെന്ന് ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പ്രതികരിച്ചു.
ഈ സാമ്പത്തിക യുദ്ധത്തില്‍ അമേരിക്ക പരാജയപ്പെടുമെന്നും സാമ്പത്തിക ഉപരോധ ഭീഷണി നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമാണെന്നും അദ്ദേഹം തുറന്നടിച്ചു. അതേസമയം, ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണ വിഷയത്തില്‍ ചര്‍ച്ചകള്‍ തുടരാനാണ് ഇറാനും ഒമാനും തമ്മില്‍ ധാരണയായിട്ടുള്ളത്.
ഇതിന്റെ ഭാഗമായി ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാര്‍ ടെലിഫോണില്‍ ചര്‍ച്ച നടത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

