നഗരത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വർക്കലയിൽ നടത്തിയ കർശന പരിശോധനയിൽ പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടികൂടി. വർക്കല നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയ്ക്കൊടുവിൽ ക്രമക്കേടുകൾ കണ്ടെത്തിയ അഞ്ച് ഹോട്ടലുകൾക്ക് അധികൃതർ നോട്ടീസ് നൽകി.
പുന്നമൂട്, മൈതാനം, മുനിസിപ്പൽ ഓഫീസ് പരിസരം എന്നിവിടങ്ങളിലെ പതിനൊന്ന് സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഇതിൽ അഞ്ച് സ്ഥാപനങ്ങളിൽ നിന്നും ഗുരുതരമായ രീതിയിൽ പഴകിയ ഭക്ഷ്യവസ്തുക്കൾ കണ്ടെത്തുകയായിരുന്നു.
പഴകിയ ചിക്കൻ കറി, ചിക്കൻ ഫ്രൈ, മീൻ ഫ്രൈ, അഴുകിയ മീൻ തുടങ്ങിയവയാണ് ഇവിടങ്ങളിൽ നിന്നും പ്രധാനമായും പിടിച്ചെടുത്തത്. അമ്മിക്കല്ല് ഹോട്ടൽ, ഇന്ദ്രപ്രസ്ഥ ബാർ ഹോട്ടൽ, ഓലപ്പുര, തനി നാടൻ തട്ടുകട, വർക്കല തട്ടുകട എന്നീ ഹോട്ടലുകൾക്കെതിരെയാണ് നഗരസഭ കർശന നടപടി സ്വീകരിച്ചിരിക്കുന്നത്.
സ്ഥാപനങ്ങൾക്കെതിരെ പിഴ ഈടാക്കുന്നത് ഉൾപ്പെടെയുള്ള തുടർനടപടികൾ ഉണ്ടാകുമെന്നും ജനങ്ങളുടെ ആരോഗ്യം മുൻനിർത്തി പരിശോധനകൾ ശക്തമായി തുടരുമെന്നും നഗരസഭാ ആരോഗ്യ വിഭാഗം അധികൃതർ വ്യക്തമാക്കി. വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഭക്ഷണം പാകം ചെയ്ത് സൂക്ഷിച്ചതിനും പഴകിയ മാംസം പിടികൂടിയതിനും മുൻപും ഈ മേഖലയിൽ സമാനമായ നടപടികൾ ഉണ്ടായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

