പത്തനംതിട്ട: ഓണക്കാലത്തെ കനത്ത യാത്രാതിരക്ക് മുന്നിൽക്കണ്ട് പ്രവാസികൾക്കായി സൂപ്പർ ക്ലാസ് ബസുകൾ വാടകയ്ക്കെടുത്ത് സർവീസ് നടത്താനുള്ള കെഎസ്ആർടിസിയുടെ നീക്കം പാളി. സ്വന്തമായി സൂപ്പർ ക്ലാസ് ബസുകൾ വാങ്ങുന്നതിന് സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന പശ്ചാത്തലത്തിലാണ് 63 എസി ബസുകൾ വാടകയ്ക്കെടുക്കാനായി അധികൃതർ ടെൻഡർ ക്ഷണിച്ചിരുന്നതെങ്കിലും, തുടർനടടികൾ ഒന്നും തന്നെ ഫലം കണ്ടില്ല.
നിലവിലെ പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായി പഴക്കം ചെന്ന നിലവിലുള്ള ബസുകൾ ഉപയോഗിച്ചാണ് ഇപ്പോൾ അധിക സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ഓണം, ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ വലിയ തിരക്കുകൾ കണക്കിലെടുത്ത് അന്തർസംസ്ഥാന സർവീസുകൾ നടത്തുന്നതിനായാണ് ആറു മാസത്തേക്ക് വിവിധ തരത്തിലുള്ള ഏഴ് വിഭാഗം എസി ബസുകൾ വാടകയ്ക്കെടുക്കാൻ കഴിഞ്ഞ മാസം ടെൻഡർ ക്ഷണിച്ചിരുന്നത്.
എന്നാൽ ഈ പദ്ധതി സമയബന്ധിതമായി നടപ്പിലാക്കാൻ സാധിക്കാതെ വന്നതോടെ, ഓണക്കാലത്തെ തിരക്ക് നിയന്ത്രിക്കുന്നതിനായി വിവിധ ഡിപ്പോകളിൽ ലഭ്യമായ ബസുകൾ പ്രധാന ഡിപ്പോകളിലേക്ക് കേന്ദ്രീകരിക്കാൻ ഉന്നതതലത്തിൽ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനിടെ, വരാനിരിക്കുന്ന ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനത്തോടനുബന്ധിച്ച് 600 സ്വകാര്യ ബസുകൾ വാടകയ്ക്കെടുക്കുന്നതിനായി കെഎസ്ആർടിസി മറ്റൊരു കരാറും ഇതിനോടകം ക്ഷണിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

