മലയാളിയുടെ ഒാണസദ്യയിൽ നാരങ്ങാ അച്ചാറിന് അതീവ പ്രാധാന്യമാണുള്ളത്. സദ്യ വിളമ്പുന്നതിന് മുൻപ് തന്നെ ഇലയറ്റത്ത് നാരങ്ങാ അച്ചാർ എത്തുന്ന പതിവ് കാലങ്ങളായുള്ളതാണ്.
വിവാഹ സദ്യകളിൽ പോലും നാരങ്ങ ലഭിക്കാതിരിക്കുന്നത് ആചാര നിഷേധമായി കാണുന്നവരുണ്ട്. കേരളത്തിൽ ആവശ്യത്തിന് നാരങ്ങാത്തോട്ടങ്ങൾ ഇല്ലാത്തതിനാൽ ഒാണക്കാലത്ത് മലയാളിയുടെ ആവശ്യങ്ങൾക്കായി തമിഴ്നാട്ടിലെ ലെമൺ സിറ്റി എന്നറിയപ്പെടുന്ന പുളിയങ്കുടിയെയാണ് ആശ്രയിക്കുന്നത്.
തമിഴ്നാട്ടിലെ ഏറ്റവും വലിയ നാരങ്ങ വിപണിയായ പുളിയങ്കുടിയിൽ ഇക്കുറി ഒാണക്കാലത്തേക്ക് ആവശ്യമായ നാരങ്ങ ശേഖരിക്കാൻ കഴിഞ്ഞിട്ടില്ല. കേരളത്തിൽ നിന്നുള്ള ആവശ്യം വർധിച്ചതോടെ മാർക്കറ്റിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
വിളവെടുപ്പ് നടക്കുന്നുണ്ടെങ്കിലും ഡിമാൻഡിനനുസരിച്ച് നാരങ്ങ ലഭ്യമല്ലാത്തത് വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്. വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്ന ഒന്നാം തരം നാരങ്ങയ്ക്ക് കിലോഗ്രാമിന് 220 രൂപ വരെ വില ഉയരാൻ സാധ്യതയുണ്ടെന്ന് പുളിയങ്കുടി മാർക്കറ്റിലെ മൊത്തക്കച്ചവടക്കാർ വ്യക്തമാക്കുന്നു.
“10 വർഷമായി പുളിയങ്കുടി മാർക്കറ്റിൽ നാരങ്ങ കച്ചവടം നടത്തുന്നു. ഇക്കാലത്തിനിടയിൽ ഒാണക്കാലത്ത് ആവശ്യത്തിന് നാരങ്ങ കയറ്റി വിടാൻ കഴിയാത്തത് ഇക്കുറിയാണ്.
90% നാരങ്ങയും കയറ്റി വിട്ടിട്ടും തികയുന്നില്ല. വിളവെടുപ്പ് വേണ്ടത്ര ഇല്ലാതെ പോയി.
വില ഇനിയും ഉയരും. 150 രൂപ വിലയുള്ളത് 250 രൂപ വരെ ഉയരാനാണു സാധ്യത.
നാരങ്ങാക്കൃഷി കൂടുതൽ വ്യാപിച്ചാൽ മാത്രമെ പ്രതിസന്ധി മറികടക്കാൻ കഴിയൂ.” എന്ന് പുന്നയ്യാപുരം പുളിയങ്കുടി സ്വദേശിയായ ദുരൈ പാണ്ഡ്യൻ പറഞ്ഞു. ഉച്ചയ്ക്ക് 12 മണിയോടെ തോട്ടങ്ങളിൽ നിന്നുള്ള നാരങ്ങ ചാക്കുകെട്ടിലാക്കി വാനുകളിൽ ലെമൺ മാർക്കറ്റിലെത്തിക്കും.
3 മണി വരെയുള്ള ലേലത്തിനുശേഷം മൊത്ത വിപണിയിലേക്കുള്ള നാരങ്ങാച്ചാക്കുകൾ കേരളത്തിലേക്ക് കയറ്റി അയക്കും. രാത്രി 12 മണി വരെ വിപണി പ്രവർത്തിക്കും.
തെങ്കാശി ജില്ലയിലെ കടയനല്ലൂർ താലൂക്കിൽ പുളിയങ്കുടി നഗരസഭയുടെ അതിർത്തി കവാടത്തിലാണ് ഈ നാരങ്ങാ മൊത്തവ്യാപാര വിപണി സ്ഥിതി ചെയ്യുന്നത്. പുളിയങ്കുടിയിലെ വേൽസ്വാമി കോണാരുടെ 6 ഏക്കർ നാരങ്ങാത്തോട്ടത്തിൽ വർഷങ്ങളായി ജോലി ചെയ്യുന്ന മുരുകൻ പ്രതികരിച്ചത് ഇങ്ങനെ: “മുൻകാലത്തേതു പോലെ ഇപ്പോൾ വിളവില്ല.
ഒാണക്കാലത്ത് ഡിമാന്റ് കൂടിയെങ്കിലും വിളവില്ലാത്തതിനാൽ മാർക്കറ്റിലേക്ക് കുറച്ചു മാത്രമെ കൊടുക്കാൻ കഴിഞ്ഞുള്ളൂ. തോട്ടത്തിൽ 7 പേരുണ്ട് ജോലിക്ക്.
നല്ല പരിചരണത്തോടെയാണു കൃഷി.” ഉച്ചയ്ക്ക് 11 മണിയോടെ പുളിയങ്കുടി ലെമൺ മാർക്കറ്റിൽ എത്തുമ്പോൾ വിജനമായ അന്തരീക്ഷമായിരുന്നു. എന്നാൽ 12 മണിയോടെ സ്ഥിതി മാറി.
പന്ത്രണ്ടരയോടെ മാർക്കറ്റിലെ 26 കടകളും നാരങ്ങകളും കച്ചവടക്കാരെയും ലേലക്കാരെയും കൊണ്ട് സജീവമായി. ലേലം ആരംഭിച്ചതോടെ കിലോഗ്രാമിന് 60 രൂപ മുതൽ തുടങ്ങി 120 മുതൽ 160 രൂപ വരെ വിലയെത്തി.
ഒന്നാം തരം നാരങ്ങയ്ക്ക് കിലോഗ്രാമിന് 140 രൂപ മുതൽ 160 രൂപ വരെയും, രണ്ടാം തരത്തിന് 80 രൂപ മുതൽ 90 രൂപ വരെയും, അച്ചാറിനായി ഉപയോഗിക്കുന്ന മൂന്നാം തരത്തിന് 30 മുതൽ 50 രൂപ വരെയുമായിരുന്നു വില. “ദിവസവും 12 മണിക്കൂർ പ്രവർത്തിക്കുന്ന ലെമൺ മാർക്കറ്റിൽ വർഷങ്ങളായി ജോലിക്കാരനാണ്.
3 മണിക്കൂർ മാത്രമാണു ലേലം. പിന്നെ 9 മണിക്കൂറും മൊത്തക്കച്ചവടമാണ്.
കേരളത്തിലെ മാർക്കറ്റുകളിൽ ആവശ്യത്തിന് എത്തിക്കാൻ നാരങ്ങയില്ല. വില ഉയർന്നു തന്നെ തുടരുകയാണ്.” എന്ന് പുളിയങ്കുടി മാർക്കറ്റിലെ ജീവനക്കാരനായ രമേഷ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

