സ്വകാര്യ ആശുപത്രികളിലെ സാമ്പത്തിക ചൂഷണങ്ങൾക്കും അനിയന്ത്രിതമായ ചികിത്സാ ചെലവുകൾക്കും അറുതി വരുത്താൻ ലക്ഷ്യമിട്ട് പാർലമെന്ററി സ്ഥിരം സമിതിയുടെ റിപ്പോർട്ട്. രാജ്യസഭാ എം.പി പ്രൊഫ.
രാം ഗോപാൽ യാദവ് അധ്യക്ഷനായ ആരോഗ്യ-കുടുംബക്ഷേമ സമിതി സമർപ്പിച്ച 176-ാമത് റിപ്പോർട്ടിലാണ് സാധാരണക്കാരുടെ ആശങ്കകൾക്ക് പരിഹാരമാകുന്ന നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചിരിക്കുന്നത്. ആശുപത്രി ബില്ലുകളിലെ അനാവശ്യ വർധനവ് തടയുന്നതിന് കർശനമായ നിയന്ത്രണങ്ങൾ അനിവാര്യമാണെന്ന് സമിതി വിലയിരുത്തുന്നു.
പ്രധാന നഗരങ്ങളിലെ സ്വകാര്യ ആശുപത്രികളിലെ മുറി വാടക, അതത് പ്രദേശങ്ങളിലെ ത്രീ സ്റ്റാർ ഹോട്ടലുകളുടെ ശരാശരി നിരക്കിൽ കൂടാൻ പാടില്ലെന്നതാണ് പ്രധാന ശുപാർശ. നിലവിൽ മെട്രോ നഗരങ്ങളിലെ സ്വകാര്യ ആശുപത്രികൾ രോഗികളിൽ നിന്ന് വലിയ തുകയാണ് വാടകയിനത്തിൽ ഈടാക്കുന്നത്.
ചികിത്സാ ബില്ലുകൾ സുതാര്യമാക്കാൻ സമിതി നിർദ്ദേശിക്കുന്ന പ്രധാന കാര്യങ്ങൾ താഴെ പറയുന്നവയാണ്:
– മുറി വാടക ത്രീ സ്റ്റാർ ഹോട്ടലുകളുടെ നിരക്കിൽ പരിമിതപ്പെടുത്തണം.
– ഡ്യൂട്ടി ഡോക്ടർമാരുടെ ഫീസ്, നഴ്സിംഗ് ചാർജ്, ഭക്ഷണം, മെഡിക്കൽ സാമഗ്രികൾ, അലക്ക് ചെലവ് എന്നിവ ബില്ലിൽ പ്രത്യേകം വ്യക്തമാക്കണം.
– മുറിയുടെ കാറ്റഗറി അനുസരിച്ച് മരുന്നുകൾക്കും പരിശോധനകൾക്കും വില കൂട്ടുന്ന രീതി അവസാനിപ്പിക്കണം. നാഷണൽ സാമ്പിൾ സർവേ പ്രകാരം സർക്കാർ ആശുപത്രികളിൽ 6,631 രൂപ ശരാശരി ചികിത്സാ ചെലവ് വരുമ്പോൾ, സ്വകാര്യ മേഖലയിൽ ഇത് 50,508 രൂപയാണ്.
അടിയന്തരമല്ലാത്ത ചികിത്സകൾക്ക് പോലും സ്വകാര്യ ആശുപത്രികൾ അഞ്ചിരട്ടി തുകയാണ് ഈടാക്കുന്നത്. ഇത് സാധാരണ കുടുംബങ്ങളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുന്നതായി സമിതി ചൂണ്ടിക്കാട്ടുന്നു.
രാജ്യവ്യാപകമായി ശസ്ത്രക്രിയകൾക്കും ലാബ് പരിശോധനകൾക്കും ഏകീകൃത നിരക്ക് നിശ്ചയിക്കാൻ സമിതി ആവശ്യപ്പെടുന്നു. ഇതിനായി ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് സംസ്ഥാനങ്ങളുമായി ചേർന്ന് ഫലപ്രദമായി നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ തയാറാകണം.
രോഗിയെ പ്രവേശിപ്പിക്കുന്നതിന് മുൻപ് തന്നെ ചികിത്സാ ചെലവുകളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ആശുപത്രികൾ പ്രസിദ്ധപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്. ഇൻഷുറൻസ് പരിരക്ഷയില്ലാത്തവർക്കായി ആരോഗ്യ സഞ്ജീവനി മാതൃകയിൽ, വർഷത്തിൽ 4,000 മുതൽ 6,000 രൂപ വരെ മാത്രം പ്രീമിയം വരുന്ന പുതിയ ഇൻഷുറൻസ് പദ്ധതികൾ കൊണ്ടുവരണമെന്നും പാർലമെന്ററി സമിതി ശുപാർശ ചെയ്യുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

