പത്തനംതിട്ടയിൽ 75 കാരിയുടെ ദാരുണാന്ത്യം കൊലപാതകമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. 24 മണിക്കൂറിനുള്ളിൽ കേസിന്റെ ചുരുളഴിക്കാൻ കോയിപ്രം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് സാധിച്ചു.
പൊന്നമ്മ തോമസ് എന്ന വയോധികയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സ്വന്തം മകൻ ടിജോ തോമസ്, ഇയാളോടൊപ്പം ഒരേ വീട്ടിൽ താമസിച്ചിരുന്ന 37 കാരിയായ റിൻസി മോൾ എന്നിവരെ പൊലീസ് പിടികൂടിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ടിജോയും റിൻസി മോളും തമ്മിൽ വീട്ടിൽ വഴക്ക് നടന്നിരുന്നു. ഈ തർക്കം തടയാൻ എത്തിയതായിരുന്നു പൊന്നമ്മ.
തുടർന്ന് ടിജോ പൊന്നമ്മയുടെ നെഞ്ചിൽ തൊഴിക്കുകയും ശ്വാസംമുട്ടിക്കുകയും ശരീരമാസകലം ഇടിക്കുകയും ചെയ്യുകയായിരുന്നു. എന്നാൽ സംഭവം സ്വാഭാവിക മരണമാക്കി തീർക്കാൻ പ്രതികൾ ശ്രമിച്ചെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലൂടെ ഈ കള്ളക്കളി പുറത്താവുകയായിരുന്നു.
ചൊവ്വാഴ്ച പോലീസിന് ലഭിച്ച ഒരു അജ്ഞാത ഫോൺ സന്ദേശമാണ് സംഭവത്തിൽ വഴിതിരിവായത്. വിവരം ലഭിച്ച ഉടൻ തന്നെ ആശുപത്രിയിലെത്തി മൃതശരീരം പരിശോധിച്ച കോയിപ്പുറം എസ്.ഐ പങ്കജ് കൃഷ്ണ, കോയിപ്പുറത്തിന്റെ ചുമതലയുള്ള കീഴ്വായ്പൂർ സർക്കിൾ ഇൻസ്പെക്ടർ സുരേഷ് കുമാർ ജി എന്നിവർക്ക് മരണത്തിൽ അസ്വാഭാവികത തോന്നിയിരുന്നു.
ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ഉടൻതന്നെ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും ചെയ്തു. തിരുവല്ല ഡിവൈഎസ്പി പി.ആർ സന്തോഷിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം.
സർക്കിൾ ഇൻസ്പെക്ടർ സുരേഷ് കുമാർ ജി, എസ്ഐ പങ്കജ് വി കൃഷ്ണ എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ്, പോസ്റ്റുമോർട്ടം നടപടികൾ കൃത്യതയോടെ പൂർത്തിയാക്കി. കോട്ടയം മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജൻ ഡോക്ടർ അശ്വതിയാണ് പോസ്റ്റ്മോർട്ടം പരിശോധന നടത്തിയത്.
ഈ പരിശോധനയിൽ ലഭിച്ച നിർണായക വിവരങ്ങളാണ് കേസിൽ വഴിത്തിരിവായത്. മരിച്ച പൊന്നമ്മ തോമസിനോടൊപ്പം താമസിച്ചിരുന്ന മകൻ ടിജോ തോമസിലേക്ക് അന്വേഷണം നീളുകയായിരുന്നു.
ഇയാളോടൊപ്പം താമസിച്ചിരുന്ന കൊല്ലം കാവനാട് സ്വദേശി റിൻസി മോൾ (37) നെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ക്രൂരമായ കൊലപാതകത്തിന്റെ യഥാർത്ഥ വിവരങ്ങൾ പുറത്തുവന്നത്. ടിജോ തോമസ് ഭാര്യയുമായി പിണങ്ങി കഴിയുകയാണ്.
ആറുമാസത്തിലധികമായി റിൻസി മോൾ ഇയാളോടൊപ്പമാണ് താമസിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഇവർ തമ്മിലുണ്ടായ വഴക്ക് തടയാൻ ശ്രമിച്ചപ്പോഴാണ് ടിജോയുടെ അമ്മ പൊന്നമ്മ തോമസിനെ ഇയാൾ നെഞ്ചിൽ തൊഴിക്കുകയും ശ്വാസംമുട്ടിക്കുകയും ശരീരമാസകലം ഇടിക്കുകയും ചെയ്ത് കൊലപ്പെടുത്തിയത്.
ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം രണ്ട് പ്രതികളെയും വിശദമായി ചോദ്യം ചെയ്തതിൽ ഇരുവരും കുറ്റം സമ്മതിച്ചു. തുടർന്ന് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
എസ്സിപിഒമാരായ ഷെബാന അഹമ്മദ്, സുരേഷ്, വിപിൻരാജ്, അഭിലാഷ്, സിപിഒമാരായ മനൂപ്, അനന്തു, രഞ്ജിത്, സുജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്. അതിവേഗത്തിൽ പ്രതികളെ പിടികൂടാൻ സാധിച്ച അന്വേഷണ സംഘത്തെ ജില്ലാ പൊലീസ് മേധാവി പ്രത്യേകം അഭിനന്ദിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

