എറണാകുളം ജില്ലയിലെ ഏലൂരിൽ ദുരൂഹ സാഹചര്യത്തിൽ ഭൂഗർഭ കേബിൾ കുഴിച്ചെടുത്ത് കടത്തി. വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ റോഡിൽഇലഞ്ഞിക്കൽ ക്ഷേത്രത്തിന് സമീപത്താണ് സംഭവം നടന്നത്.
മണ്ണിനടിയിൽ കിടന്നിരുന്ന കേബിൾ 100 മീറ്ററോളം നീളത്തിൽ കുഴിയെടുത്ത് പുറത്തെത്തിച്ചാണ് സംഘം മോഷണം നടത്തിയിരിക്കുന്നത്. ദിവസങ്ങളോളം നീണ്ട
പരിശ്രമത്തിനൊപ്പമാണ് ഈ കൃത്യം നടത്തിയിട്ടുള്ളതെന്നാണ് പ്രദേശത്തെ സാഹചര്യങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ നഷ്ടപ്പെട്ട
കേബിൾ ആരുടേതാണെന്ന കാര്യത്തിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ലെന്നും ഈ സംഭവത്തിൽ ആരും ഇതുവരെ പരാതി നൽകിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. മണ്ണിനടിയിൽ നിന്നു പുറത്തെടുത്ത കേബിൾ വിവിധ കഷണങ്ങളായി മുറിച്ചശേഷമാണ് പ്ലാസ്റ്റിക് ആവരണം കീറിമാറ്റി ചെമ്പ് കമ്പികൾ മാത്രം കൊണ്ടുപോയിട്ടുള്ളത്.
കേബിളിന്റെ പ്ലാസ്റ്റിക് ആവരണങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ സംഭവസ്ഥലത്തുതന്നെ കിടപ്പുണ്ട്.
കൂടാതെ, കേബിൾ കുഴിച്ചെടുത്ത കുഴി അതുപോലെ മൂടാതെ കിടക്കുകയാണ്. കേബിൾ മുറിക്കാൻ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന ഒരു കത്തിയും സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്.
ഈ കേബിൾ തങ്ങളുടേതാണോയെന്ന് പരിശോധിച്ചുവരികയാണെന്ന് ബിഎസ്എൻഎൽ അധികൃതർ വ്യക്തമാക്കി. നിലവിൽ ഫോൺ ബന്ധം വിഛേദിക്കപ്പെട്ടതായി ആരുടെ ഭാഗത്തുനിന്നും പരാതികളൊന്നും ലഭിച്ചിട്ടില്ല.
കോപ്പർ കേബിളിൽ നിന്ന് ഫൈബറിലേക്കു മാറിയപ്പോൾ മുൻപ് ഉപേക്ഷിച്ചതായിരിക്കാമെന്നാണ് അവരുടെ പ്രാഥമിക നിഗമനം. അതേസമയം, വല്ലാർപാടം കണ്ടെയ്നർ റോഡ് നിർമാണ വേളയിൽ ഉപയോഗിക്കാൻ കഴിയാതെ ഫാക്ട് ഉപേക്ഷിച്ച കേബിളുകളാണോ ഇതെന്നും സംശയമുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
സമീപത്തെ ഇലഞ്ഞിക്കൽ ശിവക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ട് അന്വേഷണത്തിനെത്തിയ പൊലീസ് സംഘം ഈ സ്ഥലത്തും പരിശോധന നടത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

