നാളികേരത്തിന് വിപണിയിൽ വില കുത്തനെ ഉയരുകയും അവശ്യസാധനങ്ങളുടെ വിലവർധന സാധാരണക്കാരെ വലയ്ക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, ആശ്വാസമായി കേരഫെഡ്. പ്രമുഖ ബ്രാൻഡായ കേര വെളിച്ചെണ്ണയുടെ വില വർധിപ്പിക്കാതെ പഴയ നിരക്കിൽ തന്നെ വിപണിയിൽ ലഭ്യമാക്കാനാണ് തീരുമാനം.
ഓണക്കാലത്ത് അടുക്കളച്ചെലവുകൾ ഉയരുന്ന വേളയിൽ കുടുംബ ബജറ്റുകൾക്ക് ഇത് വലിയൊരു ആശ്വാസമാണ് സമ്മാനിക്കുന്നത്. വിപണിയിലെ നിലവിലെ കണക്കുകൾ പ്രകാരം ഒരു ലീറ്റർ കേര വെളിച്ചെണ്ണയുടെ എംആർപി 299 രൂപയാണ്.
എങ്കിലും വിവിധ വിൽപന കേന്ദ്രങ്ങൾ വഴി ഇത് 270 രൂപ വരെ നിരക്കിൽ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാൻ സാധിക്കുന്നുണ്ട്. അതുപോലെ തന്നെ 500 മില്ലി ലീറ്റർ പാക്കറ്റിന്റെ എംആർപി 151 രൂപയാണെങ്കിലും ചിലയിടങ്ങളിൽ 140 രൂപ വരെ വിലയിലും ഇത് ലഭ്യമാകുന്നുണ്ടെന്ന് വിപണി നിരീക്ഷണം വ്യക്തമാക്കുന്നു.
തേങ്ങയുടെ വിലക്കയറ്റത്തിനനുസരിച്ച് വെളിച്ചെണ്ണ വിലയും കുത്തനെ ഉയരുന്ന പതിവ് വിപണിയിലുള്ളപ്പോഴാണ് കേരഫെഡ് മാതൃകാപരമായ ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്. വിലയ്ക്കൊപ്പം കൃത്യമായ അളവിന്റെ കാര്യത്തിലും ഈ ഉൽപ്പന്നം വേറിട്ടുനിൽക്കുന്നുണ്ട്.
വിപണിയിലെ മറ്റ് ചില ബ്രാൻഡുകൾ ഒരു ലീറ്റർ എന്ന പേരിൽ 900 മില്ലി ലീറ്റർ മാത്രം നൽകി വഞ്ചിക്കുമ്പോൾ, കേരഫെഡ് തങ്ങളുടെ ഉൽപ്പന്നം കൃത്യമായ അളവിലാണ് വിപണിയിലെത്തിക്കുന്നത്. അതിനാൽ തന്നെ വിപണിയിൽ വില താരതമ്യം ചെയ്യുമ്പോൾ പാക്കറ്റിലെ അളവ് കൂടി പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.
ഉയർന്ന ഗുണനിലവാരം കുറഞ്ഞ നിരപ്പിൽ നൽകുന്നുവെന്നതാണ് ഇതിന്റെ പ്രധാന മേന്മ. എന്നാൽ, ഇതേ പേരിനോടും പാക്കേജിങ്ങിനോടും സാമ്യമുള്ള വ്യാജൻമാർ വിപണിയിൽ സജീവമാണെന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.
അതിനാൽ യഥാർഥ ഉൽപ്പന്നം തന്നെയാണെന്ന് ഉറപ്പുവരുത്താൻ പാക്കറ്റിലെ ബ്രാൻഡ് പേര്, ലേബൽ, നിർമാതാവിന്റെ വിവരങ്ങൾ, എംആർപി എന്നിവ കൃത്യമായി പരിശോധിച്ച ശേഷംമാത്രം വാങ്ങാൻ ഉപഭോക്താക്കൾ ശ്രദ്ധിക്കണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

