അടിസ്ഥാന പലിശനിരക്കുകൾ ഉടൻ തന്നെ വർധിപ്പിച്ചേക്കുമെന്ന ശക്തമായ സൂചനകളുമായി റിസർവ് ബാങ്കിന്റെ പണനയസമിതി (എംപിസി) യോഗത്തിന്റെ മിനിറ്റ്സ് പുറത്തുവന്നു. കഴിഞ്ഞ ഓഗസ്റ്റ് 5ന് നടന്ന യോഗത്തിന്റെ വിശദാംശങ്ങളാണ് അധികൃതർ ഇന്നലെ പുറത്തുവിട്ടത്.
തുടർച്ചയായി നാല് തവണ അടിസ്ഥാന പലിശനിരക്കുകളിൽ മാറ്റം വരുത്താൻ സമിതി തയ്യാറായിരുന്നില്ല. എന്നാൽ, ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര, ഡപ്യൂട്ടി ഗവർണർ പൂനം ഗുപ്ത എന്നിവരുടെ നിലപാടുകളിൽ നിന്നും വിലയിരുത്തലുകളിൽ നിന്നും ഈ വർഷം തന്നെ പലിശനിരക്ക് വർധന ഉണ്ടാകുമെന്നാണ് വ്യക്തമാകുന്നത്.
ഇത്തരമൊരു നീക്കം യാഥാർത്ഥ്യമായാൽ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പ്രതിമാസ തിരിച്ചടവ് തുക വർധിക്കും. പണനയസമിതി യോഗത്തിൽ ഡപ്യൂട്ടി ഗവർണർ പൂനം ഗുപ്ത വ്യക്തമാക്കിയത് ഇങ്ങനെ:
‘വിവിധ ഘടകങ്ങൾ പരിഗണിക്കുമ്പോൾ, പലിശ ഉടൻ കുറയ്ക്കുന്നതിനുള്ള സാധ്യത നിലനിൽക്കുന്നില്ല.
പകരം, മൂന്നാം പാദത്തിൽ വിലക്കയറ്റം 5.9 ശതമാനം വരെ ഉയരാൻ സാധ്യതയുള്ളതിനാൽ, ഇക്കൊല്ലം തന്നെ പലിശനിരക്ക് വർധിപ്പിക്കേണ്ട സാഹചര്യമുണ്ടാകാം.’ കഴിഞ്ഞ വർഷം വിലക്കയറ്റം രണ്ട് ശതമാനമെന്ന കുറഞ്ഞ നിരക്കിലായിരുന്നതിനാലാണ് അടിസ്ഥാന പലിശനിരക്ക് 5.25 ശതമാനത്തിലേക്ക് കുറച്ചത്.
എന്നാൽ ഈ വർഷം ശരാശരി വിലക്കയറ്റം ഇതിനോടകം തന്നെ 3.93 ശതമാനത്തിലെത്തിക്കഴിഞ്ഞു. ഭക്ഷ്യവസ്തുക്കൾ, ഇന്ധനം തുടങ്ങിയവയുടെ ചെലവിലുണ്ടായ വർധനയാണ് പലിശനിരക്ക് വീണ്ടും ഉയർത്തേണ്ടി വരുന്ന സാഹചര്യത്തിലേക്ക് നയിക്കുന്നത് എന്ന് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര ചൂണ്ടിക്കാണിച്ചു.
കൂടാതെ, എംപിസി അംഗമായ സൗഗത ഭട്ടാചാര്യയുടെ നിരീക്ഷണം ഇങ്ങനെയായിരുന്നു:
‘ഇന്ധനവില ഉയർന്ന നിലയിൽ തുടരുന്നത് രണ്ടാം ഘട്ട വിലക്കയറ്റത്തിന് വഴിയൊരുക്കാൻ സാധ്യതയുണ്ട്; ഉൽപാദനച്ചെലവിലുണ്ടാകുന്ന വർധന ഉപഭോക്തൃവിലയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതിലൂടെയാണ് ഇത് സംഭവിക്കുന്നത്.’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

