പ്രമുഖ ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ടയുടെ ഏറ്റവും പുതിയ പതിപ്പായ സി ബി 300 എഫ് ട്വിസ്റ്റർ അന്താന്തര വിപണിയിൽ ഔദ്യോഗികമായി അവതരിപ്പിച്ചു. ജനപ്രിയമായ സി ബി 300 എഫ് മോഡലിനെ അടിത്തറയാക്കി വികസിപ്പിച്ചെടുത്ത ഈ വാഹനം ആദ്യഘട്ടത്തിൽ ലാറ്റിനമേരിക്കൻ വിപണികളിലാണ് പുറത്തിറക്കിയിരിക്കുന്നത്.
പുത്തൻ രൂപകൽപ്പനയ്ക്കൊപ്പം പെട്രോളിലും എത്തനോളിലും ഒരേപോലെ പ്രവർത്തിക്കാൻ സാധിക്കുന്ന അത്യാധുനിക ഫ്ലെക്സ് ഫ്യുവൽ എൻജിനാണ് ഈ വാഹനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. എത്തനോളിൽ കൂടുതൽ കരുത്ത്
വാഹനത്തിന്റെ ഹൃദയഭാഗമായുള്ളത് 293.5 സി സി ശേഷിയുള്ള, ഒറ്റ സിലിണ്ടർ, എസ് ഒ എച്ച് സി, ഓയിൽ കൂൾഡ് എൻജിനാണ്.
സാധാരണ പെട്രോളിൽ പ്രവർത്തിക്കുമ്പോൾ ഈ എൻജിൻ 24.5 ബി എച്ച് പി കരുപ്പും 25.6 എൻ എം ടോർക്കും ഉത്പാദിപ്പിക്കും. എന്നാൽ എത്തനോൾ ഉപയോഗിക്കുമ്പോൾ കരുത്ത് 24.7 ബി എച്ച് പി ആയും ടോർക്ക് 26.2 എൻ എം ആയും വർദ്ധിക്കുന്നതായി കമ്പനി വ്യക്തമാക്കി.
മികച്ച പ്രകടനത്തിനായി 6 സ്പീഡ് ഗിയർബോക്സാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ 14.2 ലിറ്റർ ആണ് ഇന്ധന ടാങ്കിന്റെ മൊത്തത്തിലുള്ള ശേഷി.
കൂടുതൽ മസ്കുലർ രൂപം
ഡിസൈൻ തലത്തിലും വലിയ മാറ്റങ്ങളാണ് പുതിയ മോഡലിൽ വരുത്തിയിട്ടുള്ളത്. കൂടുതൽ മസ്കുലർ ഘടനയുള്ള ഇന്ധന ടാങ്കും പുതുതായി പുനർരൂപകൽപ്പന ചെയ്ത ടാങ്ക് ഷ്രൗഡുകളും വാഹനത്തിന് തികച്ചും സ്പോർട്ടി ലുക്ക് നൽകുന്നുണ്ട്.
എൽ ഇ ഡി ഹെഡ്ലാമ്പ് ക്ലസ്റ്ററിലും പ്രകടമായ മാറ്റങ്ങളുണ്ട്. വെറും 142 കിലോഗ്രാം ഭാരം മാത്രമുള്ള ഈ ബൈക്ക് നഗരവീഥികളിലെ യാത്രകളിൽ അതിവേഗം കൈകാര്യം ചെയ്യാൻ ഏറെ അനുയോജ്യമാണ്.
സുരക്ഷയ്ക്കും ഫീച്ചറുകൾക്കും മുൻതൂക്കം
സുരക്ഷയ്ക്കും നവീന ഫീച്ചറുകൾക്കും മുൻഗണന നൽകിയാണ് നിർമ്മാണം. യു എസ് ഡി ഫ്രണ്ട് ഫോർക്കുകൾ, മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകൾ, ഡ്യുവൽ ചാനൽ എ ബി എസ്, പൂർണ്ണമായും എൽ ഇ ഡി ലൈറ്റുകൾ എന്നിവ ഇതിലുണ്ട്.
ഒപ്പം പൂർണ ഡിജിറ്റൽ എൽ സി ഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഹോണ്ട സെലക്ടബിൾ ടോർക്ക് കൺട്രോൾ, ഹോണ്ട
ഇഗ്നിഷൻ സെക്യൂരിറ്റി സിസ്റ്റം തുടങ്ങിയ സവിശേഷതകളും ലഭ്യമാണ്. സോളോ റൈഡിങ് സമയത്ത് കൂടുതൽ സ്പോർട്ടി അനുഭൂതിക്കായി പിൻ കൗൾ എളുപ്പത്തിൽ നീക്കം ചെയ്യാനും സാധിക്കും.
ഇന്ത്യയിലേക്ക് തിരിച്ചെത്തുമോ?
ബ്രസീലിൽ 26,880 ബി ആർ എൽ മുതലാണ് ഈ മോഡലിന്റെ വില ആരംഭിക്കുന്നത്. ഇത് ഇന്ത്യൻ കറൻസിയിലേക്ക് മാറ്റുമ്പോൾ ഏകദേശം 4.93 ലക്ഷം രൂപ വരും.
എന്നാൽ ഈ വാഹനം ഇന്ത്യയിൽ അവതരിപ്പിക്കുന്ന കാര്യത്തിൽ ഹോണ്ട ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
2022 ഓഗസ്റ്റ് മാസത്തിലാണ് ഇതിന്റെ പഴയ പതിപ്പ് ഇന്ത്യയിൽ എത്തിയത് എങ്കിലും വിപണിയിൽ പ്രതീക്ഷിച്ച വളർച്ച നേടാനാകാതെ വന്നതോടെ പിന്നീട് പിൻവലിക്കുകയായിരുന്നു. പുതിയ രൂപവും കുറഞ്ഞ ഭാരവും ഫ്ലെക്സ് ഫ്യുവൽ സാങ്കേതികവിദ്യയും ലഭ്യമായാൽ ഇന്ത്യൻ വിപണിയിലെ 250 മുതൽ 300 സി സി വിഭാഗത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ ഈ വാഹനം സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

