തൃപ്പൂണിത്തുറ മേഖലയിലെ രൂക്ഷമായ യാത്രാദുരിതങ്ങൾക്ക് പരിഹാരമാകുന്നു. കണിയാമ്പുഴ– എരൂർ– സീപോർട്ട്– എയർപോർട്ട് റോഡിലെ ഗതാഗതക്കുരുക്കിന് അറുതി വരുത്തുന്നതിന്റെ ഭാഗമായി, വൈറ്റില ഹബ്ബിൽ നിന്നാരംഭിക്കുന്ന പ്രധാനപാത രണ്ടു ഘട്ടങ്ങളിലായി വീതികൂട്ടാനുള്ള നടപടികൾക്ക് തുടക്കം കുറിച്ചതായി ദീപക് ജോയ് എംഎൽഎ വ്യക്തമാക്കി.
എരൂർ നിവാസികളായ വിപിൻ, ഗഗാരിൻ എന്നിവരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ജനങ്ങളിൽ നിന്നുള്ള വിവിധ പരാതികൾ കേൾക്കുന്നതിനായി സംഘടിപ്പിച്ച പരിപാടിയിലാണ് എംഎൽഎ പ്രഖ്യാപനങ്ങൾ നടത്തിയത്.
തൃപ്പൂണിത്തുറ ഇരുമ്പ് പാലം വിഷയത്തിൽ ഉമ തോമസ് എംഎൽഎയോടൊപ്പം സ്ഥലം സന്ദർശിച്ചിട്ടുണ്ടെന്നും പൈതൃകപാലം നിലനിർത്തണമെന്ന ജനങ്ങളുടെ ആവശ്യം പരിഗണിച്ച് പദ്ധതിയിൽ ഉടൻ തന്നെ അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്എൻ ജംക്ഷൻ- പൂത്തോട്ട
റോഡ് വീതികൂട്ടൽ ജോലികൾ പുരോഗമിക്കുകയാണെന്ന് ഉദയംപേരൂരിൽ നിന്നുള്ള ചന്ദ്രശേഖരന്റെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. മറ്റത്താൻകടവ് റോഡിന്റെ വീതിക്കുറവ് സംബന്ധിച്ച് അവിടം സന്ദർശിച്ച ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കും.
വാത്തുരുത്തി റെയിൽവേ മേൽപാലം, ഇടക്കൊച്ചി സ്റ്റേഡിയം തുടങ്ങിയ വിഷയങ്ങളിൽ എറണാകുളം എംഎൽഎ, കേരള ക്രിക്കറ്റ് അസോസിയേഷൻ, കോർപറേഷൻ എന്നിവരുമായി ചേർന്ന് ചർച്ചകൾ നടത്തുമെന്നും പച്ചാളം മാനാശേരി ജോസ് മൈക്കിളിന് അദ്ദേഹം ഉറപ്പു നൽകി. പൊതുസ്ഥലങ്ങളിലെ മലിനീകരണത്തിനും പരസ്യ പുകവലിക്കും എതിരെ കർശന നിയമനടപടികൾ ഉണ്ടാകും.
കുമ്പളം കോ ഓപ്പറേറ്റീവ് ബാങ്കിനു സമീപം മാലിനി തള്ളുന്നവരെ കണ്ടെത്താൻ പഞ്ചായത്ത് തലത്തിൽ രാത്രികാല സ്ക്വാഡ് രൂപീകരിക്കാൻ നിർദ്ദേശം നൽകുമെന്ന് ബാലകൃഷ്ണനോട് എംഎൽഎ വ്യക്തമാക്കി. റോഡുകളിലെ പുകവലി തടയാൻ പൊലീസിന്റെ പ്രത്യേക സ്ക്വാഡും, തെരുവുനായ ശല്യത്തിന് പരിഹാരമായി കോർപറേഷന്റെ ഡോഗ് സ്ക്വാഡും ഉടൻ പ്രവർത്തനമാരംഭിക്കുമെന്ന് ഇടക്കൊച്ചി സ്വദേശി കർമേലി സ്റ്റീഫനെ അറിയിച്ചു.
പള്ളിപ്പറമ്പ്കാവ് റോഡിലെ വെളിച്ചക്കുറവ് പരിഹരിക്കാൻ റിഫ്ലക്ടറുകളും ലൈറ്റുകളും സ്ഥാപിക്കാൻ നഗരസഭയോട് ആവശ്യപ്പെടും. ഉദയംപേരൂർ തേരേക്കാട്ട് റോഡിലെ വെള്ളക്കെട്ട് പ്രശ്നം പഞ്ചായത്തുമായി സംസാരിച്ച് പരിഹരിക്കുമെന്നും പ്രിയയ്ക്ക് അദ്ദേഹം ഉറപ്പുനൽകി.
മണ്ഡലത്തിലെ അടിസ്ഥാന സൗകര്യ വികസനവും പൊതുജനാരോഗ്യവും ലക്ഷ്യമിട്ടുമുള്ള ഒട്ടനവധി പദ്ധതികളാണ് ചർച്ചയായത്. തോപ്പുംപടി ഭാഗത്ത് പുതിയ സ്ലോട്ടർ ഹൗസ് നിർമ്മിക്കുന്നതിനായുള്ള ടെൻഡർ നടപടികൾ കോർപറേഷൻ ആരംഭിച്ചിട്ടുണ്ടെന്നും ഒരു വർഷത്തിനുള്ളിൽ ഇത് യാഥാർത്ഥ്യമാകുമെന്നും പള്ളുരുത്തി സ്വദേശി ഷമീറിനെ എംഎൽഎ അറിയിച്ചു.
താലൂക്ക് ആശുപത്രിയിൽ യൂറോളജി ഡോക്ടറുടെ സേവനം ലഭ്യമാക്കുന്നതിനായി ദേശീയ ആരോഗ്യ ദൗത്യവുമായി (NHM) ചർച്ച നടത്തുമെന്നും കണ്ണൻകുളങ്ങര സ്വദേശി ജോസഫിന് അദ്ദേഹം മറുപടി നൽകി. അങ്കണവാടിയിൽ പുതിയ ശുചിമുറി നിർമ്മിക്കുന്നതിനായി സിഡിപിഒ വഴി എംഎൽഎ ഓഫിസിൽ പ്രോജക്ട് സമർപ്പിച്ചാൽ അടിയന്തര നടപടി സ്വീകരിക്കാമെന്ന് അധ്യാപികയായ അസീനയെ അറിയിച്ചു.
ഇടക്കൊച്ചിയിലെ പുഴകളിൽ അടിഞ്ഞുകൂടിയിട്ടുള്ള എക്കൽ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സർക്കാർ തലത്തിൽ ആലോചിച്ച് ആവശ്യമായ നടപടികൾ ആരംഭിക്കും. തൃപ്പൂണിത്തുറ ഗവ.
കോളജിനു സമീപത്തെ ഭൂമി തരംമാറ്റുന്നതുമായി ബന്ധപ്പെട്ട് കലക്ടറേറ്റിൽ ഉന്നതതല യോഗം ചേർന്നിട്ടുണ്ടെന്നും ഒരു മാസത്തിനകം നടക്കുന്ന അടുത്ത യോഗത്തിൽ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ സാധിക്കുമെന്നും ഗിരീഷ്, റോസി എന്നിവരെ അറിയിച്ചു. യാത്രാക്ലേശം പരിഹരിക്കുന്നതിന്റെ ഭാഗമായി മാർക്കറ്റ് റോഡിലെ നോ എൻട്രി ബോർഡുകളും റോഡിലെ കുഴികളും സംബന്ധിച്ച് ട്രാഫിക് റഗുലേറ്ററി അതോറിറ്റിയുമായും പൊതുമരാമത്ത് വകുപ്പുമായും ചർച്ച നടത്തുമെന്ന് സാബു ജോണിനെ അറിയിച്ചു.
തിരുനെട്ടൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിന് എംപിയുടെ ഇടപെടൽ ഉറപ്പാക്കുമെന്ന് സി.പി. ജോസഫിനെയും, വൈറ്റില– കാക്കനാട് റൂട്ടിൽ എരൂർ ജെട്ടി വഴി വാട്ടർ മെട്രോ സർവീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കെഎംആർഎല്ലുമായി ചർച്ച നടത്തുമെന്ന് രാജുവിനെയും അറിയിച്ചു.
രാത്രികാലങ്ങളിൽ പനങ്ങാട് മാടവന റോഡിൽ യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ ബസുകൾ നിർത്താൻ കർശന നിർദ്ദേശം നൽകണമെന്ന് ഡിടിഒയോട് ആവശ്യപ്പെടുമെന്ന് പനങ്ങാട് സ്വദേശി രാജേന്ദ്രനും എംഎൽഎ ഉറപ്പ് നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

