തിരുവനന്തപുരം: കഴക്കൂട്ടം – കാരോട് ബൈപാസിൽ കുളത്തൂരിലും ആക്കുളം – കരിക്കയം ജംക്ഷനിലും മേൽപാലങ്ങൾ നിർമിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഉറപ്പുനൽകിയതായി വി.മുരളീധരൻ എംഎൽഎ അറിയിച്ചു. ഏകദേശം 19,000 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന ഔട്ടർ റിങ്റോഡ് പദ്ധതി വരുന്ന മാസം കേന്ദ്ര മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തിയേക്കും.
ഈ പദ്ധതിയുടെ ഭാഗമായി മേൽപാലങ്ങൾക്കായുള്ള തുക വകയിരുത്തുന്നതും ഒപ്പം പരിഗണിക്കാൻ ആലോചനയുണ്ട്. പുതിയ ഔട്ടർ റിങ് റോഡ് യാഥാർഥ്യമാകുന്നതോടെ ചരക്ക് ഗതാഗതത്തിന്റെ 35 മുതൽ 40 ശതമാനം വരെ അവിടേക്ക് വഴിമാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
എങ്കിലും, ഇത് തിരുവനന്തപുരം നഗരത്തിലേക്കുള്ള ഗതാഗതക്കുരുക്കിന് പൂർണ പരിഹാരമാകില്ല. ഈ പശ്ചാത്തലത്തിലാണ് ബൈപാസിൽ മേൽപാലങ്ങൾ അനിവാര്യമാണെന്ന് വി.മുരളീധരൻ കേന്ദ്ര മന്ത്രിയോട് വിശദീകരിച്ചത്.
മേൽപാലങ്ങൾ വരുന്ന പക്ഷം നഗരത്തിലെ റോഡുകളിലെ ഗതാഗതക്കുരുക്കിന് വലിയ തോതിൽ പരിഹാരം കാണാനാകുമെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ഉദ്യോഗസ്ഥർ മുൻപ് വിലയിരുത്തിയിരുന്നു. കൂടാതെ, കഴക്കൂട്ടം ജംക്ഷനിൽ പുതിയ സിഗ്നൽ സംവിധാനം നടപ്പിലാക്കുമെന്നും കഴക്കൂട്ടം – മംഗലപുരം റൂട്ടിലെ ദേശീയപാത നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്നും നിതിൻ ഗഡ്കരി വ്യക്തമാക്കിയതായി വി.മുരളീധരൻ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

