കൊച്ചി നഗരത്തിൽ ഓണാഘോഷത്തോടനുബന്ധിച്ച് കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ കേരള പൊലീസ് തീരുമാനിച്ചു. ക്രമസമാധാന പാലനത്തിനും ഗതാഗത നിയന്ത്രണത്തിനുമാണ് പ്രധാനമായും മുൻഗണന നൽകുന്നത്.
നഗരത്തിൽ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി 1500-ലധികം ഉദ്യോഗസ്ഥരെയാണ് വിന്യസിക്കുന്നത്. സുരക്ഷാ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി നടന്ന ഉന്നതതല യോഗത്തിൽ സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാർ, ഡപ്യൂട്ടി കമ്മിഷണർമാരായ അരുൺ കെ.പവിത്രൻ, അശ്വതി ജിജി തുടങ്ങിയ ഉദ്യോഗസ്ഥർ പങ്കെടുത്തു.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 20 ഇൻസ്പെക്ടർമാർ, 160 എസ്ഐ, എഎസ്ഐമാർ, 80 വനിതാ ഉദ്യോഗസ്ഥർ, 900 സിവിൽ പൊലീസ് ഉദ്യോഗസ്ഥർ, 80 അംഗ സ്പെഷൽ ഷാഡോ ടീം, 30 അംഗ തൂഫാൻ ഡാൻസാഫ് ടീം, ഇന്റലിജൻസ് സംഘം, ഒരു കമ്പനി സായുധ പൊലീസ് എന്നിവരെയാണ് സുരക്ഷാ ചുമതലയ്ക്കായി നിയോഗിച്ചിരിക്കുന്നത്. പട്രോളിങ് ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള വാഹനങ്ങൾക്ക് പുറമെ കൺട്രോൾ റൂമിനു കീഴിൽ 24 വാഹനങ്ങളും നാലു പിങ്ക് പട്രോൾ സംഘങ്ങളും ഒരു ഹൈവേ പട്രോൾ വാഹനവും പുതുതായി നിരത്തിലിറക്കും.
കൊച്ചി സിറ്റി പരിധിയിലെ അതിർത്തി സ്റ്റേഷനുകളിൽ ബോർഡർ ചെക്കിങ്ങും സബ് ഡിവിഷൻ പരിധികളിൽ പ്രത്യേക വാഹനപരിശോധനയും നടക്കും. മറൈൻഡ്രൈവ്, ചാത്യാത്ത്, കലൂർ, വൈറ്റില, തൃപ്പൂണിത്തുറ, ഇടപ്പള്ളി, ഫോർട്ട് കൊച്ചി തുടങ്ങിയ തിരക്കേറിയ 102 കേന്ദ്രങ്ങളിലും പ്രധാന മാർക്കറ്റുകളിലും ശക്തമായ പൊലീസ് പരിശോധനയുണ്ടാകും.
കൂടാതെ ഹോട്ടലുകൾ, ബാറുകൾ, ഡിജെ പാർട്ടികൾ നടക്കുന്ന വേദികൾ എന്നിവിടങ്ങളിലും പരിശോധന കർശനമാക്കും. സിസിടിവി മുഖേനയുള്ള നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.
നഗരത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി ജനങ്ങൾ പരമാവധി പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു. നിയമവിരുദ്ധമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

