സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ സ്റ്റേഷൻ ഹൗസ് ഓഫിസർ (എസ്എച്ച്ഒ) സംവിധാനം പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഇടുക്കി ജില്ലയിലെ മൂന്ന് പ്രധാന പൊലീസ് സ്റ്റേഷനുകളിൽ വനിത പൊലീസ് സബ് ഇൻസ്പെക്ടർമാരെ സ്റ്റേഷൻ ഹൗസ് ഓഫിസർമാരായി നിയമിച്ചു. സേനയിൽ വനിത ഉദ്യോഗസ്ഥരുടെ നേതൃത്വപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ലക്ഷ്യത്തോടെയാണ് ഈ പുതിയ മാറ്റം നടപ്പിലാക്കിയിരിക്കുന്നത്.
ഇടുക്കി വനിത പൊലീസ് സ്റ്റേഷൻ, മൂന്നാർ പൊലീസ് സ്റ്റേഷൻ, മുട്ടം പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലാണ് വനിതാ ഉദ്യോഗസ്ഥരെ എസ്എച്ച്ഒമാരായി ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇതിൽ ഇടുക്കി വനിത പൊലീസ് സ്റ്റേഷനിൽ ആതിര പവിത്രൻ, മൂന്നാർ പൊലീസ് സ്റ്റേഷനിൽ കൃഷ്ണപ്രിയ ഉണ്ണി, മുട്ടം പൊലീസ് സ്റ്റേഷനിൽ കെ.എസ്.ശ്രീദേവി എന്നിവരെയാണ് എസ്എച്ച്ഒമാരായി നിയമിച്ചത്.
ഇതോടെ ജില്ലയിലെ മൂന്ന് പ്രധാന പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനങ്ങൾക്ക് വനിത സബ് ഇൻസ്പെക്ടർമാർ ഔദ്യോഗികമായി നേതൃത്വം നൽകും. തൊടുപുഴ, മുല്ലപ്പെരിയാർ, സൈബർ ക്രൈം പൊലീസ് സ്റ്റേഷനുകൾ ഒഴികെയുള്ള മുഴുവൻ സ്റ്റേഷനുകളിലും എസ്എച്ച്ഒമാരായി പൊലീസ് സബ് ഇൻസ്പെക്ടർമാരെയാണ് നിയമിച്ചിട്ടുള്ളത്.
ഇതിനുപുറമെ, ജില്ലയിൽ ഉടൻ തന്നെ 14 സർക്കിൾ ഓഫിസുകളും പ്രവർത്തനം ആരംഭിക്കുന്നതാണെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

