മലയാളം മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഇന്ദുലേഖ തന്റെ മകളുടെ പിറന്നാൾ ദിനത്തിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. ദൂരദർശൻ കാലഘട്ടം മുതൽ ടെലിവിഷൻ രംഗത്ത് സജീവമായ താരം, നിരവധി ജനപ്രിയ പരമ്പരകളുടെ ഭാഗമായിട്ടുണ്ട്.
അന്യഭാഷകളിൽ വലിയ വിജയം നേടുകയും മലയാളി പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്ത പല സീരിയലുകളും മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തതും ഇന്ദുലേഖയായിരുന്നു. തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെ മകൾക്കൊപ്പമുള്ള പഴയകാല ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചുകൊണ്ടാണ് താരം പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്.
മകൾക്ക് ഇരുപത് വയസ്സ് തികയുന്ന വേളയിൽ വൈകാരികമായ ഒരു കുറിപ്പും ഇന്ദുലേഖ ഒപ്പുവച്ചിട്ടുണ്ട്. മകൾക്കായുള്ള കുറിപ്പിന്റെ പൂർണ്ണരൂപം താഴെ പറയുന്നതാണ്: “ഇരുപത് വർഷങ്ങൾക്ക് മുൻപ് ആദ്യമായി നിന്നെ എന്റെ കൈകളിൽ ചേർത്തുപിടിച്ച ആ നിമിഷം… ആ കുഞ്ഞു കൈകൾ എന്റെ ഹൃദയത്തിൽ വലിയൊരു സ്ഥാനമാണ് സ്വന്തമാക്കാൻ പോകുന്നതെന്ന് ഞാൻ അറിഞ്ഞിരുന്നില്ല.
നിന്റെ ആദ്യ ചുവടുകൾ ഞാൻ കണ്ടു, ആദ്യ വാക്കുകൾ കേട്ടു, നിന്റെ ചെറിയ വിജയങ്ങളിൽ ഞാൻ നിനക്കൊപ്പം സന്തോഷിച്ചു. സങ്കടങ്ങളിൽ നിന്നെ ചേർത്തുപിടിച്ചു..
ഇന്നിതാ നിനക്ക് ഇരുപത് വയസ് തികഞ്ഞിരിക്കുന്നു. സ്വന്തം ചിറകുകളിൽ പറന്നുയർന്ന്, സ്വപ്നങ്ങൾ തേടി..
എന്നിൽ നിന്നും ഒരുപാട് അകലെ നീ നിന്റേതായ ഒരു പുതിയ ലോകം പണിയുകയാണ്.കാലത്തെ ഒരു നിമിഷം പിടിച്ചു നിർത്താൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ചിലപ്പോൾ ഞാൻ ആഗ്രഹിച്ചുപോകും. എല്ലാ കാര്യങ്ങൾക്കും നീ എന്നെ ആശ്രയിച്ചിരുന്ന ആ കുട്ടിക്കാലത്തിലേക്ക് തിരികെ പോകാൻ.
പക്ഷേ, നിന്നെ നോക്കുമ്പോൾ ഞാൻ തിരിച്ചറിയുന്നു, നീയായി വളരുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണെന്ന്. ഓരോ പിറന്നാൾ തിരി തെളിയിക്കുമ്പോഴും നിന്റെ അരികിലുണ്ടാകാനോ, സങ്കടങ്ങളിൽ കണ്ണീരൊപ്പാനോ എപ്പോഴും എനിക്ക് കഴിഞ്ഞെന്ന് വരില്ല.
പക്ഷേ ഒന്ന് ഓർക്കുക, ജീവിതം നിന്നെ എവിടെയെത്തിച്ചാലും, നിനക്കുവേണ്ടി എന്നും തുടിക്കുന്ന ഒരു ഹൃദയമുണ്ട്.. നിനക്കിന്ന് ഇരുപത് വയസായെങ്കിലും, നീ എന്നും എന്റെ കുഞ്ഞുമകൾ തന്നെയായിരിക്കും.
എന്റെ പ്രിയപ്പെട്ടവൾക്ക് ഇരുപതാം പിറന്നാൾ ആശംസകൾ…”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

