ജമ്മു കശ്മീർ ഇന്ത്യയുടെ സുപ്രധാന ഭാഗമാണെന്ന ഇന്ത്യയിലെ യുഎസ് അംബാസഡറുടെ പ്രസ്താവനയിൽ പാകിസ്ഥാന്റെ ഭാഗത്തുനിന്ന് പ്രതിഷേധം. യുഎസ് അംബാസഡർ സെർജിയോ ഗോറിന്റെ പ്രസ്താവനയെത്തുടർന്ന് ഇസ്ലാമാബാദിലെ യുഎസ് നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തിയാണ് പാകിസ്ഥാൻ ഔദ്യോഗികമായി പ്രതിഷേധമറിയിച്ചത്.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു ശേഷം ജമ്മു കശ്മീർ സന്ദർശിക്കുന്ന ആദ്യ യുഎസ് അംബാസഡറാണ് സെർജിയോ ഗോർ. ബുധനാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ ശ്രീനഗർ സന്ദർശനം.
ബുധനാഴ്ച ശ്രീനഗറിൽ എത്തിയ അദ്ദേഹം ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് ഇരുവരും സംയുക്തമായി മാധ്യമങ്ങളെ കണ്ടപ്പോഴാണ് ജമ്മു കശ്മീരിനെക്കുറിച്ചുള്ള സുപ്രധാന പരാമർശം ഉണ്ടായത്.
ജമ്മു കശ്മീരിൽ എത്താൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്നും ഇത് ഇന്ത്യയുടെ സുപ്രധാന ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി. “ഇവിടെ വരാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്.
ഇത് ഇന്ത്യയുടെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാണ്.
ഞാൻ ആദ്യമായാണ് ഇവിടെ സന്ദർശിക്കുന്നത്. ഇത് അതിശയിപ്പിക്കുന്ന തരത്തിൽ മനോഹരമായ ഒരു സ്ഥലമാണ്.
ഇവിടെ വരാൻ കഴിഞ്ഞതിലും ഈ സ്ഥലം കാണാൻ കഴിഞ്ഞതിലും എനിക്ക് അതിയായ ആഹ്ലാദമുണ്ട്” എന്ന് സെർജിയോ ഗോർ മാധ്യമങ്ങളോട് പ്രതികരിച്ചു. മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുമായി നടത്തിയ കൂടിക്കാഴ്ച വളരെ ഊഷ്മളവും ഹൃദ്യവുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ ബന്ധം കൂടുതൽ മുന്നോട്ട് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കിയ യുഎസ് അംബാസഡർ, ജമ്മു കശ്മീർ സന്ദർശിക്കുന്നതിന് യുഎസ് പൗരന്മാർക്ക് ഏർപ്പെടുത്തിയിട്ടുള്ള യാത്രാ നിയന്ത്രണങ്ങൾ പുനഃപരിശോധിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ജമ്മു കശ്മീർ ലഫ്.
ഗവർണറുമായും സെർജിയോ ഗോർ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതിനുശേഷം അദ്ദേഹം വ്യാഴാഴ്ച ലഡാക്കിലേക്ക് യാത്ര തിരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

