നഗരത്തിലെ പഴക്കം ചെന്നതും അപകടാവസ്ഥയിലുള്ളതുമായ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികളിൽ യാതൊരുവിധ അലംഭാവവും പാടില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. വലിയങ്ങാടിയിൽ കോർപറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്ന് തൊഴിലാളികൾ മരിച്ച സംഭവത്തിൽ കമ്മിഷൻ സ്വമേധയാ റജിസ്റ്റർ ചെയ്ത കേസിലാണ് ഈ നിർണായക ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
അതീവ ജാഗ്രതയോടെയും സമയബന്ധിതമായും കർശന നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. കോഴിക്കോട് ജില്ലയിലെ കാലപ്പഴക്കമുള്ള കെട്ടിടങ്ങൾ സമഗ്രമായി പരിശോധിച്ച് അപകടാവസ്ഥ പൂർണ്ണമായും ഒഴിവാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികൾ സംബന്ധിച്ച് ജില്ലാ കലക്ടർ മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഈ വിഷയത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൃത്യമായ നിർദേശം നൽകിയിട്ടുണ്ടെന്ന് കോർപറേഷൻ സെക്രട്ടറി കമ്മിഷനെ അറിയിച്ചു.
കൂടാതെ, കാലപ്പഴക്കമുള്ള കെട്ടിടങ്ങളുടെ പൂർണമായ പട്ടികയും ആവശ്യമായ അറ്റകുറ്റപ്പണികൾ സംബന്ധിച്ച വ്യക്തമായ ആക്ഷൻ പ്ലാനും സമർപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സാങ്കേതിക വിഭാഗങ്ങളുടെ സഹകരണത്തോടെ നഗരത്തിലെ വിവിധ പ്രധാന കേന്ദ്രങ്ങളിൽ പ്രാഥമിക പരിശോധന പൂർത്തിയാക്കിയതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഇഎംഎസ് സ്റ്റേഡിയം, ഇന്ദിര ബിൽഡിങ്, പാളയം ബസ് സ്റ്റാൻഡ്, മൊഫ്യൂസിൽ ബസ് സ്റ്റാൻഡ്, അംബേദ്കർ ബിൽഡിങ്, ജയന്തി ബിൽഡിങ്, മാങ്കാവ് ഫിഷ് മാർക്കറ്റ്, ഇടിയങ്ങര മാർക്കറ്റ്, ന്യൂ ബസാർ, ചെറൂട്ടി റോഡ്, ബേപ്പൂർ ബസ് സ്റ്റാൻഡ്, പഴയ പാസ്പോർട്ട് ഓഫിസ് കെട്ടിടം തുടങ്ങിയ പ്രധാന കോർപറേഷൻ കെട്ടിടങ്ങളിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ ചില കെട്ടിടങ്ങളിൽ വിള്ളലുകളും ചോർച്ചയും മറ്റു ചിലതിൽ ഗുരുതരമായ ഘടനാപരമായ ബലഹീനതകളും കണ്ടെത്തിയിട്ടുണ്ട്.
പൊതുജനങ്ങൾ വൻതോതിൽ ആശ്രയിക്കുന്ന മാർക്കറ്റുകളിലും ബസ് സ്റ്റാൻഡുകളിലും പ്രത്യേക സുരക്ഷാ മുൻകരുതലുകൾ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് കോർപറേഷൻ സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നു. അടിയന്തരമായി അറ്റകുറ്റപ്പണി നടത്തേണ്ട
കെട്ടിടങ്ങളെ മുൻഗണനാ ക്രമത്തിൽ തരംതിരിച്ച് നടപടികൾ സ്വീകരിക്കുന്നതിനായി കൗൺസിലിന്റെ അംഗീകാരത്തിന് സമർപ്പിച്ചിട്ടുണ്ട്. കൗൺസിലിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് തുടർനടപടികൾ വേഗത്തിലാക്കും.
അപകടാവസ്ഥ നിലനിൽക്കുന്ന പ്രദേശങ്ങളിൽ ഇതിനോടകം തന്നെ താൽക്കാലിക സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും, കോർപറേഷൻ സ്വീകരിച്ചിട്ടുള്ള മുൻകരുതൽ നടപടികളിൽ കമ്മിഷൻ തൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

