തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ പ്രസ്താവന തികച്ചും വസ്തുതാവിരുദ്ധവും തെറ്റിധാരണാജനകവുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വ്യക്തമാക്കി.
റോഡ് കണക്ടിവിറ്റി എൽഡിഎഫ് സർക്കാർ വൈകിപ്പിച്ചു എന്ന പരാമർശത്തിലാണ് കടുത്ത വിമർശനവുമായി അദ്ദേഹം രംഗത്തെത്തിയത്. വസ്തുതകൾ മൂടിവെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും വികസനത്തിന്റെ ക്രെഡിറ്റ് ചോർത്തി എടുക്കാനുമുള്ള വിലകുറഞ്ഞ രാഷ്ട്രീയ അഭ്യാസമാണ് യുഡിഎഫ് സർക്കാർ നടത്തുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ തുറന്നടിച്ചു.
കൊമേഴ്സ്യല് ഓപ്പറേഷന് ആരംഭിച്ച വിഴിഞ്ഞം തുറമുഖത്തിന്റെ 100 ശതമാനം പ്രവൃത്തിയും നടന്നത് എൽഡിഎഫ് സർക്കാരിന്റെ കാലത്താണെന്നും, രണ്ടര മാസം കൊണ്ട് എന്തോ വലിയ കാര്യം പൂർത്തീകരിച്ചതായി അവകാശപ്പെടുന്നത് അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഴിഞ്ഞം പദ്ധതിയുടെ നിർമാണ വേളയിൽ 2022-ൽ സമരം നടന്നപ്പോൾ അതിന് പൂർണ്ണ പിന്തുണ നൽകിയത് യുഡിഎഫ് ആയിരുന്നു.
അന്ന് പ്രതിപക്ഷ നേതാവായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി സമരസ്ഥലത്ത് നേരിട്ടെത്തി തുറമുഖ നിർമ്മാണം അനുവദിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച ചരിത്രമുണ്ട്. അന്നത്തെ കെ.പി.സി.സി പ്രസിഡന്റും ഈ സമരത്തിന് പിന്നിലുണ്ടായിരുന്നു.
എന്നാൽ വിലകുറഞ്ഞ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ കേരളത്തിന്റെ സ്വപ്നപദ്ധതി മുന്നോട്ട് കൊണ്ടുപോയത് എൽഡിഎഫ് സർക്കാരാണ്. അന്ന് പദ്ധതി തടയാൻ സമരം ചെയ്തവർ ഇന്ന് 99 ശതമാനവും പൂർത്തിയായ റോഡ് കണക്ടിവിറ്റിയുടെ പേരിൽ നേട്ടം അവകാശപ്പെടുന്നത് വിരോധാഭാസമാണെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി.
തുറമുഖത്തെ ദേശീയപാത 66-മായി ബന്ധിപ്പിക്കുന്ന റോഡിനായുള്ള പദ്ധതി ആസൂത്രണം, ഭൂമി ഏറ്റെടുക്കൽ, നിയമപരമായ നടപടികൾ എന്നിവ അതിവേഗം നടപ്പിലാക്കിയത് എൽഡിഎഫ് സർക്കാരാണ്. 2022 ഏപ്രിൽ മാസത്തിൽ എൻ.എച്ച്-66 – വിഴിഞ്ഞം ഫോർട്ട് റോഡ് ജംഗ്ഷനുള്ള ഭൂമി ഏറ്റെടുക്കൽ നടപടിയുടെ 4(1) വിജ്ഞാപനവും, തുടർന്ന് 2024 ഫെബ്രുവരിയിൽ 19(1) വിജ്ഞാപനവും പുറത്തിറക്കി.
2024-25 സാമ്പത്തിക വർഷത്തിൽ ഭൂമി ഏറ്റെടുക്കലിനായി 11 കോടി രൂപ അനുവദിക്കുകയും VISL-ന് ഫണ്ട് കൈമാറുകയും ചെയ്തിരുന്നു. 2024 ജനുവരിയിൽ റോഡ് കണക്ടിവിറ്റിക്ക് അന്തിമ അനുമതി ലഭിക്കുമ്പോൾ ആകെ ആവശ്യമായിരുന്ന 42 സെന്റിൽ 35.81 സെന്റ് ഭൂമിയും സർക്കാർ ഏറ്റെടുത്തിരുന്നു.
എന്നാൽ ബാക്കി ഭൂമി ഏറ്റെടുക്കുന്നതിലും ക്ലോവർലീഫ് ഇന്റർചേഞ്ചിന്റെയും അപ്രോച്ച് റോഡിന്റെയും അനുമതി നൽകുന്നതിലും കാലതാമസം വരുത്തിയത് നാഷണൽ ഹൈവേ അതോറിറ്റിയും കേന്ദ്രവുമാണ്. ഈ വൈകൽ കാരണം ശശി തരൂർ എം.പി.ക്ക് വരെ ലോക്സഭയിൽ വിഷയം ഉന്നയിക്കേണ്ടി വന്നിട്ടുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
പദ്ധതിയുടെ ഓരോ ഘട്ടത്തിലും കൃത്യമായ ഇടപെടലുകൾ നടത്തിയ എൽഡിഎഫ് സർക്കാരിന്റെ സംഭാവനകൾ കേരള ജനതയ്ക്ക് ബോധ്യമുള്ളതാണ്. സ്വന്തം മുന്നണിയുടെ മുൻകാല സമരങ്ങളും നിലപാടുകളും മറച്ചുവെച്ച് പദ്ധതിയുടെ ക്രെഡിറ്റ് കൈയടക്കാൻ ശ്രമിക്കുന്ന ഇത്തരം നീക്കങ്ങൾ ജനങ്ങൾ തള്ളിക്കളയും.
മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിനു പിന്നാലെ മുൻകാല ഇടപെടലുകൾ സംബന്ധിച്ച് മാധ്യമങ്ങളും ജനങ്ങളും നടത്തുന്ന ഫാക്ട് ചെക്കുകൾ സർക്കാരിന് വലിയ തിരിച്ചടിയാകുന്നുണ്ടെന്നും, ഇത്തരം വസ്തുതാവിരുദ്ധമായ പ്രസ്താവനകളിൽ നിന്ന് മുഖ്യമന്ത്രി പിന്മാറണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

