സംസ്ഥാനത്ത് മുമ്പെങ്ങുമില്ലാത്ത വിധം കുറ്റകൃത്യങ്ങൾ വർധിക്കാൻ കാരണം കുടുംബബന്ധങ്ങളുടെ തകർച്ചയാണെന്ന് ഗോവ മുൻ ഗവർണർ പി.എസ്.ശ്രീധരൻപിള്ള വ്യക്തമാക്കി. കുറ്റകൃത്യങ്ങൾ നിത്യസംഭവമായ സാഹചര്യത്തിൽ മതനേതാക്കളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒറ്റക്കെട്ടായി രംഗത്തിറങ്ങേണ്ട
കാലം അതിക്രമിച്ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനുമായ പി.ഗംഗാധരൻ നായരുടെ ശതാഭിഷേക ആഘോഷ പരിപാടികൾ കോഴിക്കോട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വീട്ടിൽ മാതാപിതാക്കളും കുട്ടികളും തമ്മിൽ ആശയവിനിമയം നടക്കുന്നില്ലെന്നും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓരോരുത്തരും അവരവരുടേതായ മേഖലകളിലേക്ക് ഒതുങ്ങുകയാണ്.
ഇന്നത്തെ സമൂഹം എങ്ങോട്ടാണ് പോകുന്നതെന്ന് നാം വിലയിരുത്തേണ്ടതുണ്ടെന്ന് പതിമൂന്നുകാരി ക്വട്ടേഷൻ നൽകി മുത്തച്ഛനെ കൊലപ്പെടുത്തിയ സംഭവത്തെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങൾ നമ്മിൽ ഉണ്ടാക്കുന്ന ആഘാതത്തിന്റെ ആഴവും പരപ്പും വലുതാണ്.
ജുവനൈൽ ജസ്റ്റിസ് നിയമം ബാധകമായ കുട്ടികളാണ് ഇത്തരം കൊടുംക്രൂരതയ്ക്ക് നേതൃത്വം നൽകുന്നത് എന്നത് ആശ്ചര്യപ്പെടുത്തി. രാഷ്ട്രീയപാർട്ടികൾ പരസ്പരം കുറ്റപ്പെടുത്തുന്നതിന് പകരം പ്രശ്ന പരിഹാരത്തിനുള്ള വഴി കണ്ടെത്തേണ്ടതുണ്ട്.
യുവതലമുറയെ രാഷ്ട്രീയത്തിലേക്ക് ആകർഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ സംഘാടകസമിതി ചെയർമാൻ എ.കെ.ബി.
നായർ അധ്യക്ഷനായിരുന്നു. ഇന്തോ അറബ് കോൺഫെഡറേഷൻ കൗൺസിൽ പ്രസിഡന്റ് എം.വി.കുഞ്ഞാമു, പയിമ്പ്ര വായനശാല പ്രസിഡന്റ് ഭാസ്കരൻ എന്നിവർ ചേർന്ന് പൊന്നാട
അണിയിച്ചു. എ.കെ.ബി.
നായർ ചടങ്ങിൽ ഉപഹാരം നൽകി. അമൃതാനന്ദമയിമഠം മഠാധിപതി സ്വാമി വിവേകാമ്യതാനന്ദപുരി അനുഗ്രഹപ്രഭാഷണം നടത്തി.
‘പി.ഗംഗാധരൻ നായർ സൗഹാർദ്ദത്തിന്റെ ആൾരൂപം’ എന്ന ഗ്രന്ഥം പി.വി.ചന്ദ്രൻ ഡോക്യുമെന്ററി ഫിലിം സംവിധായകൻ വേണു താമരശേരിക്ക് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ പി.ടി.നിസാർ പുസ്തകം പരിചയപ്പെടുത്തി.
കേണൽ ആർ.കെ. നായർ, പി.ആർ.നാഥൻ, കെ.എഫ്.ജോർജ്, ആറ്റക്കോയ പള്ളിക്കണ്ടി, ഗോപിനാഥ് ചേന്നര, പി.ഗംഗാധരൻ നായർ തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

