തൃശൂർ ജില്ലയിലെ വേലൂർ പുലിയന്നൂർ സെന്റ് തോമസ് യുപി സ്കൂൾ സർക്കാർ ഏറ്റെടുത്തതിനെ തുടർന്ന് പേരിൽ നിന്ന് ‘സെന്റ് തോമസ്’ ഒഴിവാക്കിയ നടപടിയിൽ ശക്തമായ പ്രതിഷേധവുമായി അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് രംഗത്ത്. വിഷയം ഉന്നയിച്ച് അദ്ദേഹം മുഖ്യമന്ത്രി വി.ഡി.
സതീശന് ഔദ്യോഗികമായി കത്തയച്ചു. 1923ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ പേര് ‘ഗവ.യുപി സ്കൂൾ’ എന്ന് മാറ്റിയ നടപടി പിൻവലിച്ച് പഴയ പേര് ഉടൻ പുനഃസ്ഥാപിക്കണമെന്ന് കത്തിൽ ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്.
പേരുമാറ്റത്തിൽ സ്കൂളിലെ പൂർവ വിദ്യാർഥികൾക്കും പ്രദേശവാസികൾക്കും ഇടയിൽ വലിയ തോതിൽ അതൃപ്തി നിലനിൽക്കുന്നുണ്ടെന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നു. മുൻകാലങ്ങളിൽ സർക്കാർ ഏറ്റെടുത്ത മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയെല്ലാം പഴയ പേരുകൾ യാതൊരു മാറ്റവുമില്ലാതെ നിലനിർത്തിയിട്ടുള്ള കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
വേലൂർ ഗ്രാമപഞ്ചായത്ത്, സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ, സ്കൂൾ സ്റ്റാഫ് കൗൺസിൽ, പ്രദേശത്തെ എംഎൽഎ എന്നിവരെല്ലാം സ്കൂളിന്റെ യഥാർത്ഥ നാമമായ ‘സെന്റ് തോമസ് യുപിഎസ്’ എന്നത് തന്നെ തുടരണം എന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ അനുകൂലവും നീതിയുക്തവുമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും മാർ താഴത്ത് കത്തിലൂടെ അഭ്യർത്ഥിച്ചു.
ഇതുമായി ബന്ധപ്പെട്ട് വേലൂർ ഫൊറോന വികാരി ഫാ.ജയ്സൺ തെക്കുംപുറം, വേലൂർ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന രാമചന്ദ്രൻ എന്നിവരും മുഖ്യമന്ത്രിക്ക് നേരിട്ട് നിവേദനം സമർപ്പിച്ചിട്ടുണ്ട്. കൂടാതെ, മന്ത്രിമാരായ എൻ.ഷംസുദ്ദീൻ, റോജി എം.ജോൺ എന്നിവർക്കും പി.ഐ.
ലാസർ, ജോസ് ചെമ്പിശ്ശേരി, ജോൺ കള്ളിയത്ത് എന്നിവർക്കും ഈ വിഷയത്തിൽ കത്തുകൾ കൈമാറിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

