അത്തം പിറന്നതോടെ കുന്നംകുളം താഴത്തെ പാറയിൽ നാടൻ നേന്ത്രക്കുലകളുമായി സജീവമായിരിക്കുകയാണ് പഴുന്നാന്‍ മാത്യൂസ് (69). കടയ്ക്ക് മുന്നിൽ നേന്ത്രക്കുലകൾ നിരത്തിവച്ചുള്ള ഈ കച്ചവടത്തിന് 55 വര്‍ഷത്തെ പാരമ്പര്യമുണ്ട്.
ഓണക്കാലത്തെ കച്ചവടം മാത്യൂസിനെ സംബന്ധിച്ച് കേവലം ഒരു ഉപജീവനമാർഗ്ഗം മാത്രമല്ല, മറിച്ച് തലമുറകളായി കൈമാറിവന്ന കുടുംബപാരമ്പര്യം കൂടിയാണ്. മാത്യൂസിന്റെ അപ്പൂപ്പനായ വറീതിൽ തുടങ്ങി പിതാവ് കുര്യനിലൂടെ മാത്യൂസിലേക്ക് എത്തിനിൽക്കുന്നതാണ് ഈ നേന്ത്രപ്പഴ കച്ചവടത്തിന്റെ മൂന്ന് തലമുറകളുടെ ചരിത്രം.
ആദ്യകാലത്ത് വലിയ അങ്ങാടിയിലായിരുന്നു വറീത് കച്ചവടം നടത്തിയിരുന്നത്. പിന്നീട് പിതാവ് കുര്യൻ കച്ചവടം ഏറ്റെടുക്കുകയും അത് താഴത്തെ പാറയിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു.
അപ്പന്റെ കൈപിടിച്ച് തന്റെ 14-ാം വയസ്സിൽ കച്ചവടത്തിലേക്ക് കടന്നുവന്ന മാത്യൂസ് പിന്നീട് ജീവിതത്തിന്റെ ഭാഗമായി ഈ തൊഴിൽ തുടരുകയായിരുന്നു. ഓണം അടുത്തെത്തുമ്പോൾ കച്ചവടത്തിൽ വിലയേക്കാൾ വലുതാണ് വിശ്വാസത്തിന്റെ ബന്ധമെന്ന് മാത്യൂസ് പറയുന്നു.
നാടൻ നേന്ത്രക്കുലകളുടെ വരവ് കുന്നംകുളത്തെ ഓണവിപണിയെ സജീവമാക്കിയിട്ടുണ്ട്. ഓണക്കാലത്ത് പ്രധാനമായും ചെങ്ങാലിക്കോടൻ ഉൾപ്പെടെയുള്ള നാടൻ നേന്ത്രപ്പഴത്തിനാണ് ആവശ്യക്കാർ ഏറെയെത്തുന്നത്.
അതേസമയം, മഴക്കെടുതിയിൽ വാഴക്കർഷകർക്ക് ഉണ്ടായ നാശനഷ്ടങ്ങൾ നാടൻ നേന്ത്രക്കുലകളുടെ വിപണിയെ ബാധിക്കാൻ സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

