മലയാളിയുടെ ഓണപ്പാച്ചിലിനൊപ്പം ആഘോഷയാത്രകളും സജീവമാകുന്നു. പരമ്പരാഗത ഓണക്കോടിക്കും സദ്യവട്ടങ്ങൾക്കുമപ്പുറം അവധിക്കാലം യാത്രകൾക്കായി മാറ്റിവയ്ക്കാൻ കേരളം ഒരുങ്ങിക്കഴിഞ്ഞു.
സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഹോട്ടലുകളിലും റിസോർട്ടുകളിലും ഇതിനോടകം തന്നെ വലിയ തോതിൽ ഓണം ബുക്കിങ് ആരംഭിച്ചിട്ടുണ്ടെന്ന് ഈ മേഖലയിലുള്ളവർ വ്യക്തമാക്കുന്നു. കോവിഡിന്റെയും പ്രളയത്തിന്റെയും പ്രതിസന്ധികളിൽ നിന്നു പൂർണ്ണമായും കരകയറി ഇത്തവണത്തെ ഓണം സീസൺ അസാധാരണമാംവിധം സജീവമാക്കാനുള്ള തയ്യാറെടുപ്പിലാണ് കേരളത്തിന്റെ ടൂറിസം വ്യവസായം.
വിവിധ ടൂർ ഓപ്പറേറ്റർമാരുടെ നേതൃത്വത്തിൽ ആകർഷകമായ ഓണസദ്യ അടക്കമുള്ള പ്രത്യേക പാക്കേജുകളാണ് സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിദേശ യാത്രകൾ ഒഴിവാക്കിയ പലരും ഇത്തവണ തങ്ങളുടെ അവധിക്കാലം കേരളത്തിലെ ഡെസ്റ്റിനേഷനുകളിൽ ചെലവഴിക്കാൻ സാധ്യതയുണ്ട്.
ഇത് സംസ്ഥാനത്തെ ടൂറിസം വിപണിയിലേക്ക് കോടികളുടെ സാമ്പത്തിക നേടമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുവതലമുറയ്ക്കൊപ്പം മുതിർന്നവരും യാത്രകളിൽ സജീവം സാധാരണയായി ജെൻസികളും മില്ലേനിയൽസുമാണ് യാത്രകൾ കൂടുതലായി തിരഞ്ഞെടുക്കാറുള്ളതെങ്കിൽ, നിലവിൽ ഈ ട്രെൻഡിൽ കാര്യമായ മാറ്റം വന്നിട്ടുണ്ടെന്ന് കേരള ട്രാവൽ മാർട്ട് സെക്രട്ടറി എസ്.സ്വാമിനാഥൻ പറഞ്ഞു.
കോവിഡ് കാലത്തിനു ശേഷം യാത്രകളോടുള്ള താൽപര്യം സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലും വർധിച്ചിട്ടുണ്ട്. പ്രായമായവരും ഇപ്പോൾ കുടുംബത്തോടൊപ്പം വിനോദയാത്രകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നു എന്നത് ടൂറിസം മേഖലയ്ക്ക് വലിയ മുതൽക്കൂട്ടാണ്.
നിലവിലെ ഓണം സീസണിൽ എല്ലാ പ്രധാന ടൂറിസം കേന്ദ്രങ്ങളിലും മികച്ച ബുക്കിങ് പ്രകടമാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള സഞ്ചാരികളുടെ വരവിലും വൻ വർധനയുണ്ടാകുമെന്നാണ് വിലയിരുത്തൽ.
പരമ്പരാഗതമായി മൂന്നാറിനാണ് ആവശ്യക്കാർ കൂടുതലെങ്കിലും, മലബാർ മേഖലയിലേക്കുള്ള യാത്രികരുടെ എണ്ണത്തിലും ഗണ്യമായ വർധനയുണ്ട്. മുൻകാലങ്ങളിൽ ആകെ സഞ്ചാരികളുടെ 10 ശതമാനം മാത്രം സന്ദർശിച്ചിരുന്ന കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിലേക്ക് ഇന്നത് 30 ശതമാനമായി ഉയർന്നുവെന്നും, വന്ദേഭാരത് ട്രെയിൻ സർവീസുകൾ ഈ മാറ്റത്തിന് ആക്കം കൂട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതീക്ഷയോടെ ബുക്കിങ് രംഗം അതേസമയം, മൂന്നാറിലെ ടൂറിസം മേഖലയിൽ പ്രതീക്ഷിച്ച അത്രയും ബുക്കിങ് ഇനിയും ലഭിക്കേണ്ടതുണ്ടെന്ന് മേഖലയിലെ പ്രമുഖനായ ജിതേഷ് വ്യക്തമാക്കി. പ്രീമിയം വിഭാഗത്തിൽപെട്ട
സഞ്ചാരികൾ റിസോർട്ടുകൾ ബുക്ക് ചെയ്യുന്നതിൽ 15 മുതൽ 25 ശതമാനം വരെ വർധനയുണ്ടായിട്ടുണ്ട്. എന്നാൽ ഇത്തരം അതിഥികൾ പാക്കേജുകളുടെ ഭാഗമായി എത്തി റിസോർട്ടുകളിൽ മാത്രം സമയം ചെലവഴിച്ച് മടങ്ങുന്നതാണ് പതിവ്.
ഇടത്തരം വിഭാഗത്തിലുള്ള സഞ്ചാരികൾ എത്തിയാൽ മാത്രമേ ജീപ്പ് സവാരി, സിപ്പ് ലൈൻ തുടങ്ങിയ സാഹസിക വിനോദങ്ങൾക്കും പ്രാദേശിക ബിസിനസുകൾക്കും അതിന്റെ ഗുണം ലഭിക്കൂ. വരും ദിവസങ്ങളിൽ മധ്യവർഗ സഞ്ചാരികളുടെ ബുക്കിങ് വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഹൗസ് ബോട്ടുകളിൽ ആവശ്യക്കാർ എത്തുന്നുണ്ടെങ്കിലും മുൻകാലങ്ങളെ അപേക്ഷിച്ച് വൻതോതിലുള്ള തിരക്ക് അനുഭവപ്പെട്ടിട്ടില്ലെന്ന് സ്കൈലാർക്ക് ഹൗസ്ബോട്ട് എംഡി ജി.എസ്.സജീവ് അഭിപ്രായപ്പെട്ടു. ഫിഫ ലോകകപ്പിന് ശേഷം ഹൗസ് ബോട്ടുകളിലെത്തുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്.
കൂടാതെ മൺസൂൺ ടൂറിസവും ഇത്തവണ ചില തിരിച്ചടികൾ നേരിട്ടു. സീസണിൽ അറബ് സഞ്ചാരികളുടെ വരവിലും കാര്യമായ ഇടിവുണ്ടായിട്ടുണ്ട്.
എങ്കിലും ഓണസദ്യ അടക്കമുള്ള പ്രത്യേക പാക്കേജുകൾ ഒരുക്കിയിട്ടുണ്ട്. സിംഗിൾ റൂമുള്ള ഹൗസ് ബോട്ടുകൾക്ക് 8,000 രൂപയും പ്രീമിയം വിഭാഗത്തിന് 14,000 രൂപ മുതലുമാണ് വാടക ആരംഭിക്കുന്നത്.
വരും ദിവസങ്ങളിൽ കൂടുതൽ സഞ്ചാരികളെത്തുമെന്നും ദീപാവലി, പൂജ അവധിക്കാലത്ത് ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ വരവ് വർധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. നീണ്ട
അവധിക്കാലത്തിന്റെ അനുകൂല്യങ്ങൾ ഇത്തവണ ഓണത്തോടനുബന്ധിച്ച് ലഭിക്കുന്ന നീണ്ട അവധിക്കാലം ടൂറിസം മേഖലയ്ക്ക് വലിയ രീതിയിൽ തുണയാകും.
ഓഗസ്റ്റ് 25, 26 തീയതികളിലാണ് ഔദ്യോഗിക ഓണം അവധിയെങ്കിലും കൃത്യമായി പ്ലാൻ ചെയ്താൽ ഏകദേശം 9 ദിവസത്തോളം അവധി ലഭിക്കും. ഓഗസ്റ്റ് 22 ലെ നാലാം ശനിയും, തുടർന്ന് വരുന്ന ഞായറാഴ്ചയും ചേർത്തുവെച്ച്, തിങ്കളാഴ്ചയായ ഓഗസ്റ്റ് 24-ന് ഒരു അവധിയെടുത്താൽ ഓണം കഴിഞ്ഞ് ഓഗസ്റ്റ് 31-ന് മാത്രം ജോലിക്ക് ഹാജരായാൽ മതിയാകും.
ഇത് ദീർഘദൂര യാത്രകൾ പ്ലാൻ ചെയ്യുന്നവർക്ക് ഏറെ സൗകര്യപ്രദമാണ്. തിരുവോണം, അവിട്ടം, ചതയം ദിവസങ്ങളിലെ പ്രാദേശിക തിരക്കുകൾ ഒഴിവാക്കി വാരാന്ത്യം ആഘോഷിക്കാനും ഇത്തവണ അവസരമുണ്ട്.
എന്നിരുന്നാലും, പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം മൂലം പ്രവാസികളുടെ വരവിലുണ്ടാകുന്ന കുറവും, ഓണക്കാലത്തെ പ്രതികൂല കാലാവസ്ഥയും ചെറിയ തോതിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. എങ്കിലും ഓണാവധിക്കാലത്ത് വിനോദസഞ്ചാരികൾ എത്തുമ്പോൾ അത് സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക വളർച്ചയ്ക്ക് ആക്കം കൂട്ടും.
ഓട്ടോ, ടാക്സി ഡ്രൈവർമാർ മുതൽ ചെറുകിട വ്യാപാരികൾക്ക് വരെ ഈ സീസൺ വഴി മികച്ച വരുമാനമാണ് ലഭിക്കുന്നത്.
ഭക്ഷണത്തിനും താമസത്തിനുമായി ഓരോ സഞ്ചാരിയും ശരാശരി 5,000 രൂപയോളം ചെലവഴിച്ചാൽ തന്നെ കോടിക്കണക്കിന് രൂപയുടെ വിപണി ചലനമാണ് കേരളത്തിലുണ്ടാകുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

