കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ പത്തോളജി ലാബ് പരിശോധനകളുമായി ബന്ധപ്പെട്ട
ഫീസ് ഘടനയ്ക്കെതിരായ പ്രതിഷേധങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്ന് കെ.ജയന്ത് എംഎൽഎ ആരോപിച്ചു. രോഗികൾക്ക് ആശ്വാസകരമാകുന്ന പദ്ധതികളെ തടസ്സപ്പെടുത്താനാണ് നീക്കമെന്ന് അദ്ദേഹം വ്യക്തമാക്കി.
ജില്ലയിലെ മറ്റ് നിയമസഭാംഗങ്ങളെല്ലാം കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ സ്ഥാപനത്തിന് വിഹിതം നൽകിയപ്പോൾ, സമരത്തിന് നേതൃത്വം നൽകിയ പി.എ.മുഹമ്മദ് റിയാസ് എംഎൽഎ ഒരു രൂപ പോലും അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആശുപത്രിയിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ജീവനക്കാരുണ്ടെങ്കിലും റിയേജന്റുകളുടെ ലഭ്യതക്കുറവ് മൂലം പരിശോധനകൾ മുടങ്ങുന്ന അവസ്ഥയായിരുന്നു.
ഇത് രോഗികളെ കൊള്ളലാഭം ഈടാക്കുന്ന നീതി ലാബുകളെയും മറ്റ് സ്വകാര്യ ലാബുകളെയും ആശ്രയിക്കാൻ നിർബന്ധിതരാക്കുന്ന സാഹചര്യം സൃഷ്ടിച്ചു. സർക്കാർ നിരക്കിന്റെ പത്തിരട്ടിയോളം തുകയാണ് ഇതിനായി രോഗികൾക്ക് നഷ്ടപ്പെടുന്നത്.
ഈ പ്രതിസന്ധിക്ക് പരിഹാരം കാണാനാണ് റിയേജന്റുകൾ വാങ്ങുന്നതിനുള്ള തുക കണ്ടെത്താനായി മിതമായ നിരക്കിൽ ഫീസ് ഈടാക്കാൻ തീരുമാനിച്ചത്. സിപിഎം അടക്കമുള്ള വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികൾ പങ്കെടുത്ത ഹോസ്പിറ്റൽ ഡവലപ്മെന്റ് സൊസൈറ്റി (എച്ച്ഡിഎസ്) യോഗത്തിലാണ് ഈ തീരുമാനം എടുത്തത്.
സംസ്ഥാനത്തെ മറ്റ് മെഡിക്കൽ കോളേജുകളിലെ ഏറ്റവും കുറഞ്ഞ നിരക്ക് ഇവിടെ നടപ്പിലാക്കാനും ഇതുവരെ മുടങ്ങിപ്പോയ പരിശോധനകൾ പുനരാരംഭിക്കാനും ധാരണയായി. എച്ച്ഡിഎസ് യോഗത്തിൽ ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് കെ.പി.പ്രകാശ് ബാബു മാത്രമാണ് ഫീസ് ഈടാക്കുന്നതിനെതിരെ വിയോജിപ്പ് രേഖപ്പെടുത്തിയത്.
സ്വകാര്യ ലാബുകളിൽ 1000 രൂപ മുതൽ 2500 രൂപ വരെ ഈടാക്കുന്ന ബയോപ്സി പരിശോധനകൾക്ക് മെഡിക്കൽ കോളേജിൽ 110 രൂപ മാത്രമാണ് ചെലവ് വരുന്നത്. ഈ സംവിധാനത്തെ അട്ടിമറിക്കാൻ പി.എ.മുഹമ്മദ് റിയാസ് നടത്തുന്ന ശ്രമങ്ങൾ സിപിഎം നിയന്ത്രണത്തിലുള്ള നീതി ലാബിനും മറ്റ് സ്വകാര്യ സ്ഥാപനങ്ങൾക്കും വേണ്ടി മാത്രമാണെന്ന് കെ.ജയന്ത് ആരോപിച്ചു.
സാംപിളുകൾ സ്വകാര്യ ലാബുകൾക്ക് നൽകി നീതി ലാബ് വൻ ലാഭം ഉണ്ടാക്കുകയാണെന്നും, എന്നാൽ ബിപിഎൽ വിഭാഗത്തിൽപ്പെട്ട രോഗികൾക്ക് എല്ലാ പരിശോധനകളും തുടർന്നും പൂർണ്ണ സൗജന്യമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാർ നൽകാനുള്ളത് 346.2 കോടി രൂപ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിക്കു സംസ്ഥാന സർക്കാർ നൽകാനുള്ളത് 346.20 കോടി രൂപയാണെന്ന് കെ.ജയന്ത് എംഎൽഎ വ്യക്തമാക്കി.
കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയിനത്തിൽ 258 കോടി രൂപയും കാരുണ്യ ബെനവലന്റ് ഫണ്ടിൽ 81.5 കോടി രൂപയും ‘ആരോഗ്യകിരണ’ത്തിൽ 6.7 കോടി രൂപയും കുടിശികയാണ്. സ്ഥാപനത്തിന് ആവശ്യമായ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പി.എ.മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ള മുഴുവൻ എംഎൽഎമാർക്കും കത്തയക്കുമെന്നും അദ്ദേഹം അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

