ആലപ്പാട് പറയകടവ് അമൃതപുരി ഗണനാഥം വീട്ടിൽ ഷൈജയുടെ (43) മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ ആഭ്യന്തര മന്ത്രിക്ക് നിവേദനം സമർപ്പിച്ചു. യുവതിയുടെ ആത്മഹത്യയിൽ സമഗ്രമായ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
കഴിഞ്ഞ ജൂലൈ 7നാണ് ഷൈജയെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുന്നത്. സംഭവ ദിവസം തന്നെ മരണത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ കരുനാഗപ്പള്ളി എസിപിയ്ക്ക് പരാതി നൽകിയിരുന്നതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
മരണശേഷം ബന്ധുക്കൾ നടത്തിയ പരിശോധനയിൽ ഷൈജയുടെ ഫോണിൽ നിന്നും നിർണായക വിവരങ്ങൾ ലഭിച്ചു. കുടുംബ സുഹൃത്തായ വിഷ്ണു എന്ന യുവാവ് ഷൈജയെ നിരന്തരമായി ഭീഷണിപ്പെടുത്തുന്നതിന്റെയും അപമാനിക്കുന്നതിന്റെയും തെളിവുകൾ ലഭിച്ചതായി പരാതിയിൽ വ്യക്തമാക്കുന്നു.
ഷൈജയെ ജീവിക്കാൻ അനുവദിക്കില്ലെന്നും സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുമെന്നുമുള്ള ഭീഷണികളുടെ തെളിവുകളും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ ഡിജിറ്റൽ തെളിവുകൾ ലഭിച്ചിട്ടും അന്വേഷണം ഊർജിതമാക്കിയില്ലെന്നും തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുകയാണെന്നും സംശയമുള്ളവരെ ചോദ്യം ചെയ്യാൻ പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും മന്ത്രിക്കു നൽകിയ പരാതിയിൽ കുറ്റപ്പെടുത്തുന്നു.
സാമ്പത്തിക ചൂഷണവും ഭീഷണിയും കാരണമുള്ള മാനസിക പീഡനത്തെ തുടർന്നാണ് അമ്മ ജീവനൊടുക്കിയതെന്ന് ഷൈജയുടെ മകൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഈ സംഭവത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് ജനപ്രതിനിധികൾ അറിയിച്ചിട്ടുണ്ട്.
കേസിൽ സംശയിക്കുന്നവരിൽ ചിലർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുകയാണെന്നും കരുനാഗപ്പള്ളി പൊലീസ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

