ഓണത്തോടനുബന്ധിച്ച് പുതിയ വസ്ത്രങ്ങൾ വാങ്ങാനായി എത്തുന്നവരുടെ വൻ തിരക്കാണ് കുത്താമ്പുള്ളിയിൽ അനുഭവപ്പെടുന്നത്. നിളാ തീരത്തെ ഈ ഗ്രാമത്തിൽ ചെറുതും വലുതുമായ നൂറുകണക്കിനു വസ്ത്ര ശാലകളാണു സന്ദർശകർക്കായി തുറന്നിരിക്കുന്നത്.
ഉത്സവകാലങ്ങളിലും വിവാഹവേളകളിലും കുത്താമ്പുള്ളിയിൽ എത്തി തുണികൾ വാങ്ങുന്നത് മധ്യ കേരളത്തിന്റെ പ്രധാന ശീലങ്ങളിലൊന്നാണ്. അടുത്തടുത്തായുള്ള നൂറുകണക്കിന് കടകളിലെ വൈവിധ്യവും വിലക്കുറവുമാണ് ഉപഭോക്താക്കളെ ഇവിടേക്ക് ആകർഷിക്കുന്ന പ്രധാന ഘടകം.
മുൻപ് മുണ്ടും വേഷ്ടിയും മാത്രമുണ്ടായിരുന്ന ഇവിടെ, ഇപ്പോൾ ഒരു കുടുംബത്തിന് ആവശ്യമായ സർവവിധ വസ്ത്രങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. ഓണക്കാലത്ത് കസവു ചേർത്ത വസ്ത്രങ്ങൾക്കാണ് വിപണിയിൽ ഏറ്റവും കൂടുതൽ ഡിമാൻഡ് ഉള്ളത്.
കസവുള്ള സാരി, സെറ്റു മുണ്ട്, വേഷ്ടി, ചുരിദാർ എന്നിവയ്ക്കാണ് ആവശ്യക്കാർ ഏറെയുള്ളത്. വിപണിയിൽ പവർലൂം തുണിത്തരങ്ങളാണു കൂടുതലായുള്ളത്.
കൈത്തറി വസ്ത്രങ്ങൾക്കു വിലകൂടുതലുള്ളതിനാൽ ആളുകൾ ഏറെയും പവർലൂം ഇനങ്ങളാണു തിരഞ്ഞെടുക്കാൻ താല്പര്യപ്പെടുന്നത്. എങ്കിലും, മികച്ച ഗുണമേന്മയേറിയ കൈത്തറി വസ്ത്രങ്ങൾ തേടി എത്തുന്നവരും കുറവല്ല.
മൽ കോട്ടൺ, കാഞ്ചി കോട്ടൺ, മദ്രാസ് ചെക്ക് സാരികൾ, കരയിലും മുന്താണിയിലും ശംഖു പുഷ്പം ആലേഖനം ചെയ്ത സാരികൾ, സെറ്റുമുണ്ടുകൾ എന്നിവയാണ് ഇത്തവണത്തെ ഓണം ട്രെൻഡ്. ഇതിനുപുറമേ, നെയ്ത്തുകാരുടെ വീടുകളിൽ നേരിട്ടുചെന്നു കൈത്തറി വസ്ത്രങ്ങൾ വാങ്ങാനും നെയ്ത്തു ജോലികൾ നേരിട്ടു കാണാനും എത്തുന്നവരും നിരവധിയാണ്.
കുത്താമ്പുള്ളി, തിരുവില്വാമല, എരവത്തൊടി നെയ്ത്തു സംഘങ്ങളിലും ഈ ഓണക്കാലത്ത് തുണികൾ വാങ്ങാനായി വലിയ തോതിൽ ആളുകൾ എത്തുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

